കള്ളനോട്ട് വേട്ട: പ്രതിയുടെ വീട്ടില്‍ പോലീസ് റെയ്ഡ്


ഭീമനടി: അരലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി ചാലക്കുടി പോലീസ് പിടികൂടിയ ഭീമനടി മാങ്ങോട്ടെ കള്ളിമലവീട്ടില്‍ രഞ്ജിത്തിന്റെ (30) മാങ്ങോട്ടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. ചിറ്റാരിക്കാല്‍ എസ്.ഐ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലാണ് ഇന്നലെ രാത്രി റെയ്ഡ് നടത്തിയത്. എന്നാല്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഞായറാഴ്ചയാണ് ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഡിവൈഎസ്പി സി.ആര്‍.സന്തോഷും ഷാഡോ പോലീസും ചേര്‍ന്ന് അരലക്ഷം രൂപയുടെ കള്ളനോട്ടുമായി രഞ്ജിത്തിനെ അറസ്റ്റുചെയ്തത്. ചാലക്കുടി റെയില്‍വേസ്റ്റേഷന്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷണം നടത്തുന്നതിനിടയിലാണ് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ബാഗ് പരിശോധിച്ചപ്പോഴാണ് അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയത്. മംഗലാപുരം സ്വദേശിയായ സുഹൃത്തില്‍ നിന്നുമാണ് നോട്ടുകള്‍ കിട്ടിയതെന്നും ഇവ എറണാകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യാനായി കൊണ്ടുവന്നതാണെന്നും രഞ്ജിത്ത് മൊഴി നല്‍കി. എന്നാല്‍ രഞ്ജിത്തിന്റെ മൊഴി പോലീസ് മുഖവിലക്കെടുത്തിട്ടില്ല. കള്ളനോട്ടുമായി കാസര്‍കോട്ടുകാര്‍ക്കും ബന്ധമുണ്ടെന്ന സംശയത്തിലാണ് ചാലക്കുടി പോലീസ്. കൂടുതല്‍ അന്വേഷണത്തിനായി രഞ്ജിത്തിനെ കസ്റ്റഡിയില്‍ ഏറ്റുവാങ്ങിയശേഷം ചാലക്കുടി പോലീസ് കാസര്‍കോട്ടേക്കെത്തും.
പതിവായി നാട്ടില്‍ നിന്നും അകന്നുനില്‍ക്കാറുള്ള രഞ്ജിത്തിന് നേരത്തെ നര്‍ക്കിലക്കാട്ടും കാലിച്ചാമരത്തും മൊബൈല്‍ഷോപ്പുകളുണ്ടായിരുന്നു. പെട്ടെന്ന് പണമുണ്ടാക്കാനാണ് ഷോപ്പുകള്‍ ഒഴിവാക്കി കള്ളനോട്ട് ബിസിനസില്‍ വ്യാപൃതനായതെന്ന് കരുതുന്നു.

Post a Comment

0 Comments