ബി.വസന്ത ഷേണായി അത്യാസന്ന നിലയില്‍


പുല്ലൂര്‍: പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവും അവിഭക്ത പുല്ലൂര്‍ പഞ്ചായത്തിന്റെ പ്രസിഡന്റുമായിരുന്ന ബി.വസന്തഷേണായി മാസ്റ്റര്‍ (94)മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍.
പുല്ലൂര്‍ പുരുഷോത്തം ഷേണായിയുടെയും പദ്മാവതി അമ്മയുടെയും മകനായി 1926 മെയ് 17 ന് പുല്ലൂരില്‍ ജനനം. ബഹുഭാഷാ പണ്ഡിതന്‍, സാമൂഹിക പ്രവര്‍ത്തകന്‍, ഭരണകര്‍ത്താവ് എന്നീ നിലകളില്‍ ശോഭിച്ചു. ഗൗഡസാരസ്വത ബ്രാഹ്മണസമാജത്തിനും കാഞ്ഞങ്ങാട്ടെ പൊതുസമൂഹത്തിനും അദ്ദേഹം നടത്തിയ ബഹുമുഖ പ്രവര്‍ത്തനം നാട് നന്ദിയോടെയാണ് സ്മരിക്കുന്നത്.
ബസ്തി വാമന്‍ ഷേണായ്, പുരുഷോത്തമ മല്ലയ്യ തുടങ്ങിയ മഹാരഥര്‍ക്കൊപ്പം കര്‍മ്മോത്സുകനായി സമാജത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. ഗൗഡസാരസ്വത സമാജത്തിന്റെ ഏകീകരണത്തിനും ഉന്നമനത്തിനുമായി രൂപീകൃതമായ ശ്രീ സുധീന്ദ്ര സേവാമണ്ഡലിന്റെ പ്രവര്‍ത്തനങ്ങളില്‍ സംപ്രീതരായ ശ്രീമദ് സുധീന്ദ്രതീര്‍ത്ഥ സ്വാമികള്‍ കേരള ഗൗഡസാരസ്വത ബ്രാഹ്മണ മഹാസഭയുടെ കീഴ്ഘടകമായി സേവാമണ്ഡലിനെ അംഗീകരിച്ചതില്‍ ചാലകശക്തിയായത് വസന്ത് ഷേണായ് ആണ്.
സുധീന്ദ്ര സേവാമണ്ഡല്‍ സ്ഥാപക പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട് എട്ടുവര്‍ഷം പദവിയില്‍ തുടര്‍ന്നു. 2006 മുതല്‍ 2009 വരെ ഹോസ്ദുര്‍ഗ് ശ്രീ ലക്ഷ്മീവെങ്കടേശ ക്ഷേത്രം ഭരണസമിതി അംഗം, 2009- 2015 കാലയളവില്‍ മാനേജിംഗ് ട്രസ്റ്റി, 2016ല്‍ ചാതുര്‍മാസകമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു. ജി.എസ്.ബി. മഹാസഭ ഉത്തരമേഖല വൈസ് പ്രസിഡന്റായും കേരള കൊങ്കണി അക്കാദമി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹോസ്ദുര്‍ഗ് കന്നഡസംഘം പ്രസിഡന്റ്, നീലേശ്വരം ജനത കലാസമിതി സ്ഥാപക പ്രസിഡന്റ്, കാസര്‍കോട് ഷേണായ് ഫാമിലി വെല്‍ഫേര്‍ ട്രസ്റ്റ് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്‌കൂളിന്റെ സ്ഥാപകനാണ്. ഒട്ടേറെ കൃതികള്‍ കന്നഡയില്‍ നിന്ന് മലയാളത്തിലും തിരിച്ചും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 1953 മുതല്‍ 1962 വരെയാണ് ഷേണായി മാസ്റ്റര്‍ പഞ്ചായത്ത് ഭരണസാരഥ്യം ഏറ്റെടുത്തത്. കൈ പൊക്കിയായിരുന്നു അക്കാലത്ത് പഞ്ചായത്ത് ഭരണസമിതി തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ്. ഒരു അനാദി കടയില്‍ ഒതുങ്ങിയ ചരള് പിന്നീട് പുല്ലൂരായതും കോളോപ്പാറയും കണ്ണാങ്കോട്ട പാറയും മാറ്റി ഉദയനഗറാക്കിയതും വസന്തഷേണായിയുടെ ഭരണകാലത്താണ്. തപാലാപ്പീസ് അനുവദിച്ചപ്പോള്‍ സര്‍ക്കാര്‍ രേഖകളിലേക്കായി പുല്ലൂരില്‍ ഹരിപുരം എന്ന സ്ഥലനാമം പിറന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇദ്ദേഹവും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ്.
മുന്‍ മന്ത്രി ചന്ദ്രശേഖരന്റെയും എന്‍.കെ.ബാലകൃഷ്ണന്റെയും പ്രധാന പ്രവര്‍ത്തന മണ്ഡലവും ഈ ഗ്രാമമായിരുന്നു. അവര്‍ക്കൊപ്പം ചേര്‍ന്ന് പൊതുജീവിതം നയിച്ച ഷേണായി മാസ്റ്ററുടെ ഭരണകാലത്താണ് അമ്പലത്തറ, ചാലിങ്കാല്‍ സ്‌ക്കൂളുകള്‍ അനുവദിച്ചത്. ഉദയനഗറിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനത്തിന് വി.വി.ഗിരിയെത്തിയതും മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപ്പിള്ള ഉള്‍പ്പെടെ എത്തിയതും നാടിന്റെ പില്‍ക്കാല ചരിത്രത്തില്‍ ഇടം പിടിച്ചു. ഹോസ്ദുര്‍ഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്രത്തിന്റെ പ്രസിഡന്റും ശ്രീസുധീന്ദ്ര സേവാമണ്ഡല്‍ സ്ഥാപക പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ഗൗഡസാരസ്വത ബ്രാഹ്മണസഭയുടെ ഉത്തരമേഖല പ്രസിഡന്റായും കേരള കൊങ്കണി അക്കാദമി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതൃഭാഷയായ കൊങ്കണിയുടെയും ഗൗഡസാരസ്വത ബ്രാഹ്മണസമുദായത്തിന്റെയും ഉന്നമനത്തിന് ഏറെ പ്രവര്‍ത്തിച്ചു. ഷേണായി മാഷിനെ ഐ.സി.യു സൗകര്യമുള്ള ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുവരാനാണ് വീട്ടുകാരുടെ ആലോചന.

Post a Comment

0 Comments