പഞ്ചായത്തംഗത്തിന്റെ മാലപൊട്ടിക്കാന്‍ ശ്രമിച്ച രണ്ടുപേരുടെ സിസിടിവി ദൃശ്യം പുറത്തുവിട്ടു


കാസര്‍കോട്: ബൈക്കിലെത്തി വനിതാ പഞ്ചായത്ത് അംഗത്തിന്റെ മാല പൊട്ടിക്കാന്‍ ശ്രമിച്ച രണ്ടംഗ സംഘത്തിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇവരുടെ സി സി ടി വി ദൃശ്യം പുറത്തുവിട്ടു. ചെമ്മനാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗവും സി പി ഐ പ്രവര്‍ത്തകയുമായ പെരുമ്പള മഞ്ചംകെടുങ്കാല്‍ ബളാനത്തെ മായ കരുണാകരന്റെ മാലയാണ് പൊട്ടിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.
പഞ്ചായത്ത് ഓഫീസിലേക്ക് പോകാനായി അഞ്ചങ്ങാടി ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു മായ. ഇതിനിടെയാണ് ബൈക്കിലെത്തിയ സംഘം മാല തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്. ബഹളം വെച്ചതോടെ സംഘം ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും സംഘത്തെ പിടികൂടാനായില്ല. കറുത്ത ടീ ഷര്‍ട്ടും ജീന്‍സുമാണ് ബൈക്കിന്റെ പിറകിലിരുന്നയാളുടെ വേഷമെന്നും ഇയാളാണ് മാലപൊട്ടിക്കാന്‍ ശ്രമിച്ചതെന്നും മായ പറയുന്നു.
മേല്‍പറമ്പ് പോലീസാണ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിരിക്കുന്നത്.

Post a Comment

0 Comments