ഹരീഷ് ശിവരാമകൃഷ്ണന്‍ കാഞ്ഞങ്ങാട് സംഗീതോത്സവത്തിന്


കാഞ്ഞങ്ങാട്: നാടിനെ സംഗീതസാന്ദ്രമാക്കി ത്യാഗരാജ പുരന്ദരദാസ സംഗീതാരാധനയ്ക്ക് 11 ന് കാഞ്ഞങ്ങാട് തിരിതെളിയും.
യുവജനങ്ങളുടെ ഹരമായ ഹരീഷ് ശിവരാമകൃഷ്ണന്‍, രാമകൃഷ്ണന്‍ മൂര്‍ത്തി, രംഗനാഥ ശര്‍മ എന്നിവരുടെ സാന്നിധ്യം ഇത്തവണ സംഗീതോത്സവത്തെ സമ്പന്നമാക്കും. രാജരാജേശ്വരി സിദ്ധിഗണേശ ക്ഷേത്രാങ്കണത്തിലാണ് മൂന്നു ദിവസം നീളുന്ന സംഗീതോത്സവം.
വൈകീട്ട് 6 ന് സംഗീതജ്ഞന്‍ അജിത് നമ്പൂതിരി ഉദ്ഘാടനം ചെയ്യും. 6.30 ന് രാമകൃഷ്ണന്‍ മൂര്‍ത്തി കച്ചേരി അവതരിപ്പിക്കും. ആര്‍.കെ. ശ്രീറാംകുമാര്‍(വയലിന്‍), മനോജ് ശിവ(മൃദംഗം), പയ്യന്നൂര്‍ ഗോവിന്ദപ്രസാദ്(മോര്‍സിംഗ്) എന്നിവര്‍ പിന്തുണയേകും.
12 ന് രാവിലെ 9 മുതല്‍ 5 വരെ സംഗീതാരാധന നടക്കും. 5 മണിക്ക് അജിത് നമ്പൂതിരിയുടെ വായ്പ്പാട്ട്. 6ന് പ്രധാന കച്ചേരിയില്‍ ചലച്ചിത്ര പിന്നണി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ പാടും. വയലിനില്‍ തിരുവിഴ വിജു. എസ്.ആനന്ദ്, മൃദംഗത്തില്‍ പാലക്കാട് കെ.എസ്.മഹേഷ്‌കുമാര്‍, മോര്‍സിംഗില്‍ വെളളിക്കോത്ത് രാജീവ് ഗോപാല്‍ എന്നിവര്‍ സഹകരിക്കും.
13 ന് രാവിലെ 7 ന് ഉഞ്ഛവൃത്തി. തുടര്‍ന്ന് അമ്പതോളം സംഗീതജ്ഞര്‍ പങ്കെടുക്കുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനം നടക്കും. 10 മുതല്‍ 5 വരെ സംഗീതാരാധന. 5ന് ഉഷാ ഈശ്വര്‍ ഭട്ടിന്റെ വായ്പാട്ട്. 6ന് സമാപന കച്ചേരിയില്‍ ചേര്‍ത്തല ഡോ. കെ.എന്‍.രംഗനാഥശര്‍മ പാടും. ഇടപ്പള്ളി എ.അജിത്കുമാര്‍(വയലിന്‍), എ. ബാലകൃഷ്ണ കമ്മത്ത്(മൃദംഗം), വാഴപ്പള്ളി ആര്‍.കൃഷ്ണകുമാര്‍(ഘടം). തുടര്‍ന്ന് ആഞ്ജനേയോത്സവത്തോടെ സംഗീതാരാധനയ്ക്ക് കൊടിയിറങ്ങും. സംഗീതോത്സവ ത്തിന്റെ ലോഗോ പ്രകാശനം നഗരസഭാധ്യക്ഷന്‍ വി.വി.രമേശന്‍ എ.വേണുഗോപാലന്‍ നമ്പ്യാര്‍ക്ക് കൈമാറി നിര്‍വഹിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സംഗീതസഭ പ്രസിഡന്റ് ബി.ആര്‍.ഷേണായി, സംഗീതസഭ സെക്രട്ടറി ടി.പി .സോമശേഖരന്‍, പല്ലവ നാരായണന്‍, എച്ച്. കെ. മോഹന്‍ദാസ്, വെള്ളിക്കോത്ത് രാജീവ് ഗോപാല്‍, ബി.മുകുന്ദ് പ്രഭു എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments