ഭിന്നശേഷിക്കാര്‍ക്കായുള്ള പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ ഗുരുതര വീഴ്ച


കാഞ്ഞങ്ങാട്: ഭിന്നശേഷിക്കാര്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച പദ്ധതി വിഹിതത്തില്‍ ചെലവഴിച്ചത് 50 ശതമാനത്തില്‍ താഴേ മാത്രം. 2019-20 സാമ്പത്തിക വര്‍ഷം ഭിന്നശേഷിക്കാര്‍, കുട്ടികള്‍, ട്രാന്‍സ്‌ജെന്‍ഡേഴ് വിഭാഗങ്ങള്‍ക്കായി മാറ്റിവച്ചത് ആകെ പദ്ധതി തുകയുടെ അഞ്ചു ശതമാനമാണ്. പഞ്ചായത്തുകള്‍ പദ്ധതി തുകയുടെ 1.48 ശതമാനമായ 51.28 കോടിയും ജില്ലാ പഞ്ചായത്ത് 20.15 കോടിയും, ബ്ലോക്ക് പഞ്ചായത്ത് 24.05 കോടിയും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും 18.5 കോടിയും മാത്രമാണ് മാറ്റിവെച്ചത്.
സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ ഇതുവരെ പഞ്ചായത്തുകള്‍ 25.51 കോടി (49.76 ശതമാനം) മാത്രമാണ് ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ചെലവഴിച്ചത്. ജില്ലാ പഞ്ചായത്തുകള്‍ 30.63 ശതമാനം, ബ്ലോക്ക് പഞ്ചായത്തുകള്‍ 36.52 ശതമാനം, മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും കൂടി 36 ശതമാനം എന്നിങ്ങനെയാണ് തുക ചെലവഴിച്ചത്. സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ബത്ത എന്നിവ നല്‍കുന്നതിനായി തുക ചെലഴിക്കാറുണ്ട്. ഒരു കുട്ടിക്ക് ശരാശരി 22,000 മുതല്‍ 28,000 രൂപ വരെ നല്‍കുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. ഫണ്ടിന്റെ അപര്യാപ്തതമൂലം പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഈ തുക പൂര്‍ണമായി നല്‍കാന്‍ കഴിയാറില്ല. ഇത്തരം സാഹചര്യം സംസ്ഥാനത്തൊട്ടാകെ നിലനില്‍ക്കെയാണ് പദ്ധതി വിഹിതമായി നീക്കിവെച്ച തുകയുടെ 50 ശതമാനം പോലും ഇതുവരെ ചെലവഴിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയാത്തത്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വീഴ്ചയാണ് പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കത്തതിനു പിന്നില്‍. ഭിന്നശേഷിക്കാരുടെ ക്ഷേമപദ്ധതികള്‍ യഥാസമയം നടപ്പാക്കാതെ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാരും തയ്യാറായിട്ടില്ല.

Post a Comment

0 Comments