കബഡിയില്‍ ഇടപെടേണ്ടെന്ന് ഹബീബ്‌റഹിമാനോട് കോടതി


കാഞ്ഞങ്ങാട്: ഹരിയാനയില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാന കബഡി അസോസിയേഷന്‍ തിരഞ്ഞെടുത്ത ടീമിന് മത്സരിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്.
കബഡിയുടെ കാര്യത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇടപെടേണ്ടതില്ലെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. ദേശീയ ടീമിനെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞ 1, 2 തീയ്യതികളില്‍ നീലേശ്വരം കൊയാമ്പുറത്ത് സംസ്ഥാന കബഡി അസോസിയേഷന്റെ നേതൃത്വത്തില്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ നിന്നും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സംസ്ഥാന ടീമുകളെയും തിരഞ്ഞെടുത്തു. എന്നാല്‍ ഇതിന് സമാന്തരമായി ചെറുവത്തൂര്‍ പാലത്തേരയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മറ്റൊരു ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഈ ചാമ്പ്യന്‍ഷിപ്പിന് നിയമസാധുത ഇല്ലെന്നാണ് ഹൈക്കോടതി ഉത്തരവിലൂടെ വ്യക്തമായത്. സംസ്ഥാന കബഡി അസോസിയേഷന്‍ അധികൃതര്‍ നടത്തിയ കബഡി ടൂര്‍ണ്ണമെന്റിലേക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഹബീബ് റഹ്മാനെ ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം പങ്കെടുക്കുകയോ സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിടാനോ തയ്യാറായില്ല. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടിന്റെ ഒപ്പ് ആവശ്യമില്ലെന്ന് ഹൈക്കോടതി വിധിയോടെ വ്യക്തമായിരിക്കുകയാണ്.

Post a Comment

0 Comments