ഫാം.ഡി ബിരുദധാരികള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ നല്‍കണം


കാസര്‍കോട്: ഇന്ത്യയിലെ ഫാം.ഡി (ഡോക്ടര്‍ ഓഫ് ഫാര്‍മസി)ബിരുദധാരികളുടെ ദുഖകരമായ അവസ്ഥയിലേക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പാര്‍ലമെന്റിന്റെ ശ്രദ്ധ ക്ഷണിച്ചു ആറുവര്‍ഷം നീളുന്ന വന്‍ ചെലവ് വരുന്ന കോഴ്‌സാണ് ഫാം.ഡി, എന്നാല്‍ പഠന ശേഷം ഇന്ത്യയിലെ ഫാം.ഡി ബിരുദധാരികള്‍ക്ക് ഇന്ത്യയിലെ ഗവണ്മെന്റ് മേഖലയില്‍ ഒരു തൊഴില്‍ സാധ്യതയുമില്ല.
2008ലാണ് ഇന്ത്യയില്‍ ഫാം.ഡി കോഴ്‌സ് ആരംഭിക്കുന്നത്. എന്നാല്‍ ഗവണ്മെന്റ് സര്‍വിസില്‍ ക്ലിനിക്കല്‍ ഫാര്‍മസിസ്‌ററ് എന്ന പോസ്റ്റ് സൃഷ്ടിക്കാന്‍ ഗവണ്മെന്റ് മറന്നുപോയി. പിന്നെ ആകെയുള്ള ഒരാശ്വാസം സ്വകാര്യ മേഖലയാണ്. അവിടെയാണെങ്കില്‍ വളരെ തുച്ഛമായ 10,000 മുതല്‍ 15,000 രൂപയോളം മാത്രമാണ് ശമ്പളമായി നല്‍കുന്നത്. ഇന്ത്യയില്‍ 233 കോളേജുകളിലാണ് ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ ഫാം.ഡി കോഴ്‌സ് നടത്തി വരുന്നത്.
ഏതാണ്ട് 20,000ത്തില്‍പ്പരം ഫാം.ഡി ബിരുദധാരികള്‍ ഇന്ത്യയിലുണ്ട്. കൂടാതെ ഓരോ വര്‍ഷവും 9,000ത്തില്‍ അധികംപേര്‍ പഠനം നടത്തി പുറത്തിറങ്ങുന്നുമുണ്ട്.
അതുകൊണ്ട് ഫാം.ഡി ബിരുദധാരികള്‍ക്ക് ഗവണ്മെന്റ് തലത്തില്‍ പോസ്റ്റ് സൃഷ്ടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

0 Comments