നീലേശ്വരം: വന്‍ തിരിമറി നടന്നുവെന്ന് ആരോപണം ഉയര്‍ന്ന നീലേശ്വരം ജേസി എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ പത്തുലക്ഷം രൂപ കാണാനില്ല.
ട്രസ്റ്റിന്റെ പേരില്‍ നടത്തിയ ചിട്ടി ഇടപാടിലെ പത്തുലക്ഷത്തോളം രൂപയാണ് കാണാതായത്. ജേസി ട്രസ്റ്റിന്റെ കീഴിലുള്ള സ്കൂളിന്റെ വികസനത്തിനായാണ് ലക്ഷങ്ങളുടെ അനധികൃത ചിട്ടി നടത്തിയത്. ഇതില്‍ നീലേശ്വരം ഹൗസിംഗ് സഹകരണ സംഘത്തിന്റെ ഡെയ്ലി കലക്ഷനില്‍ നിക്ഷേപിച്ചുവെന്ന് പറയുന്ന രണ്ടരലക്ഷത്തോളം രൂപയും പുറമെ ജേസി അംഗം ചിട്ടിയിനത്തില്‍ നല്‍കാനുണ്ടെന്ന് പറയുന്ന നാലുലക്ഷത്തോളം രൂപയും ഉള്‍പ്പെടെയുള്ള പത്തുലക്ഷം രൂപയാണ് ഇപ്പോഴും അക്കൗണ്ടില്‍ വരാത്തത്. ഹൗസിംഗ് സഹകരണ സംഘത്തില്‍ നിക്ഷേപിക്കാന്‍ രണ്ടരലക്ഷം രൂപ അന്ന് സംഘത്തിന്റെ ഡിഡി കലക്ഷന്‍ ഏജന്റിന് നല്‍കിയെന്നും എന്നാല്‍ അദ്ദേഹം ഈ പണം സൊസൈറ്റിയില്‍ അടച്ചില്ലായെന്നുമാണ് ഇപ്പോഴത്തെ ഭരണസമിതി ഭാരവാഹികള്‍ പറയുന്നത്. എന്നാല്‍ ഡിഡി കലക്ഷന്‍ ഏജന്റാകട്ടെ ഒരുവര്‍ഷം മുമ്പ് ആത്മഹത്യചെയ്തു. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച് വ്യക്തവരുത്താനും കഴിയില്ല. രണ്ടരലക്ഷത്തോളം രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചില്ല എന്ന കാര്യം കലക്ഷന്‍ ഏജന്റ് ആത്മഹത്യചെയ്യും വരെ ഭരണസമിതി ഭാരവാഹികള്‍ അറിഞ്ഞില്ല എന്നത് വിശ്വസിക്കാനാവില്ല എന്നാണ് ജേസി അംഗങ്ങള്‍ പറയുന്നത്. കണക്കുകള്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കമ്മറ്റി യോഗങ്ങളില്‍ നിശിതമായി വിമര്‍ശനം ഉയര്‍ത്തിയ അഞ്ചുപേരെ അംഗത്വത്തില്‍ നിന്നും സസ്പെന്റ് ചെയ്തശേഷം കഴിഞ്ഞ ആഴ്ച വിളിച്ചുചേര്‍ത്ത ജേസി എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ ജനറല്‍ബോഡിയോഗം ട്രസ്റ്റിന്റെ സ്ഥാപക ചെയര്‍മാനും മുന്‍ ദേശീയ പ്രസിഡണ്ടുമായ അഡ്വ.എ.വി.വാമനകുമാറിനെയും മുന്‍ സെക്രട്ടറി ഗിരി ടി മാത്യുവിനെയും ഒഴിവാക്കിക്കൊണ്ട് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
ട്രസ്റ്റിലെ സാമ്പത്തിക ക്രമക്കേടിനെതിരെ ശക്തമായി വിമര്‍ശിച്ചവരാണ് അഡ്വ.എ.വി.വാമനകുമാറും ഗിരി ടി മാത്യുവും. വരവ് ചെലവ് കണക്കുകള്‍ വ്യക്തമാക്കുകയോ കൃത്യമായി യോഗം വിളിച്ചുചേര്‍ക്കുകയോ ചെയ്യാത്തതിനെ തുടര്‍ന്ന് ഗിരി ടി മാത്യു നേരത്തെ തന്നെ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. ട്രസ്റ്റിന്റെ പ്രസിഡണ്ടായി ഡോ. സി.വിനോദ്കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു. സെക്രട്ടറിയായി ജേസീസ് മുന്‍ സെക്രട്ടറി ദീപേഷിനെയും ട്രഷററായി രാമകൃഷ്ണനേയും തിരഞ്ഞെടുത്തു.
0 Comments