കാഞ്ഞങ്ങാട്: സര്‍ക്കാര്‍ നിയമങ്ങളും നഗരസഭാ ചട്ടങ്ങളും ലംഘിച്ച് കോട്ടച്ചേരിയില്‍ നിര്‍മ്മിക്കുന്ന സ്വകാര്യ ആശുപത്രിയുടെ ഫയല്‍ കാഞ്ഞങ്ങാട് നഗരസഭാ ഓഫീസില്‍ നിന്നും വിജിലന്‍സ് വിഭാഗം കസ്റ്റഡിയിലെടുത്തു.
നോര്‍ത്ത് കോട്ടച്ചേരി ആകാശ് കണ്വെന്ഷന് സെന്ററിന്റെ എതിര്‍വശത്തുനിന്നും വെള്ളായിപ്പാലത്തേക്കുള്ള റോഡിന്റെ തെക്ക് ഭാഗത്ത് വയല്‍ മണ്ണിട്ടുനികത്തി നിര്‍മ്മിക്കുന്ന സ്വകാര്യ ആശുപത്രി കെട്ടിടത്തിന്റെ ഫയലാണ് വിജിലന്‍സ് സംഘം നഗരസഭാ കാര്യാലയത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.
2008 ല്‍ സംസ്ഥാനത്ത് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍വന്നു. 2013 ജനുവരി 15 നാണ് സ്വകാര്യാശുപത്രി ഉടമകള്‍ കാഞ്ഞങ്ങാട് നഗരസഭയില്‍നിന്നും കേവലം 2552 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ പെര്മിറ്റെടുത്തിരിക്കുന്നത്. ബല്ല വില്ലേജില്‍പ്പെട്ട 99/8, 101/2, 101/1 അ , 101/1 ആ,101/3 അ,101/3 ആ എന്നീ സര്‍വ്വേ നമ്പറുകളിലുള്ള മുക്കാല്‍ ഏക്കറോളം വയല്‍ മണ്ണിട്ടുനികത്തിയാണ് നിര്‍മ്മാണം തുടങ്ങിയത്. അഞ്ച് നിലകളുള്ള ആശുപത്രിയുടെ നിര്‍മ്മാണം ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. പെര്‍മിറ്റില്ലാതെയും നിലവിലുള്ള പെര്‍മിറ്റില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയും കെട്ടിടം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് പരാതി ലഭിച്ചാല്‍ നഗരസഭക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാം. ഇത് അവഗണിച്ച് നിര്‍മ്മാണം തുടര്‍ന്നാല്‍ പോലീസിനെ ഉപയോഗിച്ച് നിര്‍മ്മാണം തടയാം. എന്നാല്‍ കാഞ്ഞങ്ങാട് നഗരസഭ ഇത്തരം ഉദ്യമത്തിനൊന്നും മുതിരാത്തതിന്റെ പിന്നിലെ കാരണം പകല്‍പോലെ വ്യക്തമാണ്. എം.ബി. അബ്ദുള്ളാഹാജിയുടെ മകന് നിസാര്‍, അബ്ദുള്ളയുടെ മകള്‍ എം.സുഹ്റ, എം.മുഹമ്മദിന്റെ മകന് സി.എം.ജലീല്‍ എന്നിവരുടെ പേരിലാണ് വ്യാപാരാവശ്യത്തിന് കെട്ടിടം നിര്മ്മിക്കാനെന്നുപറഞ്ഞ് സ്വകാര്യാശുപത്രി ലോബി 2013 ല്‍ കെട്ടിടനിര്‍മ്മാണത്തിന് പെര്‍മിറ്റെടുത്തത്.
0 Comments