വീട്ടുടമയുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഗേജുമായി മുങ്ങിയ കാഞ്ഞങ്ങാട്ടെ ദമ്പതികള്‍ നിലമ്പൂരില്‍ പിടിയില്‍


പടന്നക്കാട്: ഗള്‍ഫിലെ വീട്ടുടമയുടെ സ്വര്‍ണ്ണാഭരണങ്ങളുള്‍പ്പെടെ 13 ലക്ഷത്തോളം രൂപയുടെ സാധനങ്ങളടങ്ങിയ ബാഗുമായി മുങ്ങിയ ദമ്പതികളെ പോലീസ് അറസ്റ്റുചെയ്തു.
പടന്നക്കാട് ഞാണിക്കടവ് പുഴക്കര കല്ലില്‍ സിദ്ദീഖ് (30), ഭാര്യ വഴിക്കടവ് കാരക്കോട് ആനക്കല്ലന്‍ ഹസീന (35) എന്നിവരെയാണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്.
അജാനൂര്‍ ഇഖ്ബാല്‍ ഗേറ്റില്‍ താമസിക്കുന്ന പ്രവാസി ബിസിനസുകാരന്‍ ഷംസുദ്ദീന്റെ ലഗേജാണ് ഇവര്‍ അടിച്ചുമാറ്റിയത്. ഗള്‍ഫില്‍ ഷംസുദ്ദീന്റെ വീട്ടുജോലിക്കാരിയായിരുന്നു ഹസീന. കഴിഞ്ഞ 23 ന് ഷംസുദ്ദീന്റെ കൂടെ നാട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് ഹസീന ബാഗുമായി മുങ്ങിയത്. ലഗേജ് കൂടുതലായതിനാല്‍ ഒരു ബാഗ് ഷംസുദ്ദീന്‍ ഹസീനയെ ഏല്‍പ്പിക്കുകയായിരുന്നു. 24ന് പുലര്‍ച്ചെ മൂന്ന് മണിക്ക് കരിപ്പൂരില്‍ വിമാനമിറങ്ങി. ഷംസുദ്ദീന്‍ ശുചിമുറിയിലേക്ക് പോയ സമയത്താണ് ഹസീന ലഗേജുമായി മുങ്ങിയത്.
ലഗേജും ഹസീനയെയും കാണാതെ ഷംസുദ്ദീന്‍ വഴിക്കടവിലെ വീട്ടിലത്തെിയെങ്കിലും ഹസീനയെ കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് ഷംസുദ്ദീന്‍ വഴിക്കടവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഹസീനയെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലത്തെിയ ഭര്‍ത്താവ് സിദ്ദീഖ് ഹസീനയുടെ നിര്‍ദ്ദേശ പ്രകാരം മംഗലാപുരത്തുള്ള രണ്ട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ലഗേജുമായി മുങ്ങുകയായിരുന്നു. മംഗലാപുരത്ത് വാടക മുറിയെടുത്ത് തങ്ങിയ ഇവര്‍ ലഗേജിലെ വിലകൂടിയ ആഭരണങ്ങള്‍ കൈവശപ്പെടുത്തുകയും മറ്റ് സാധനങ്ങള്‍ സുഹൃത്തുക്കള്‍ക്ക് നല്‍കുകയുമായിരുന്നു നാല് ലക്ഷം രൂപക്ക് ആഭരണങ്ങള്‍ വിറ്റ് കടം വീട്ടാനും മറ്റും ഉപയോഗിച്ചതായി ഇവര്‍ മൊഴി നല്‍കി.
ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍, കുങ്കുമം എന്നിവയടക്കമുള്ള സാധനങ്ങള്‍ വഴിക്കടവിലെ വീട്ടില്‍ നിന്നും കണ്ടെടുത്തു. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. 2018 ല്‍ രണ്ട് കിലോ കഞ്ചാവുമായി വടകര പോലീസും അടിപിടിക്കേസില്‍ 2009 ല്‍ ഹോസ്ദുര്‍ഗ് പോലീസും അറസ്റ്റുചെയ്ത സിദ്ദീഖ് ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

Post a Comment

0 Comments