കാഞ്ഞങ്ങാട്: അടുത്ത അധ്യയന വര്‍ഷത്തേക്ക് ഒന്നാം ക്ലാസില്‍ 35 ഉം പ്രീ പ്രൈമറിയില്‍ 25 ഉം കുട്ടികളുടെ അഡ്മിഷന് ഉറപ്പാക്കി അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ മുക്കൂട് ഗവ: എല്‍.പി.സ്കൂള്‍ മറ്റ് വിദ്യാലയങ്ങള്‍ക്ക് മാതൃകയാവുന്നു.
50 വര്‍ഷം പഴക്കമുള്ള നിരവധി തലമുറകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു കൊടുത്ത മുക്കൂട് എല്‍.പി സ്കൂള്‍ മികവിന്റെ കേന്ദ്രമായി മാറുന്നു. പഠന നിലവാരത്തിലും, കുട്ടികളുടെ കലാ കായിക മേഖലയിലും മികച്ച നിലവാരം പുലര്‍ത്തുന്ന മുക്കൂട് സ്കൂള്‍ ഇപ്പോള്‍ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. അതിന്റെ ആദ്യ പടിയായി സ്കൂളിനോട് ചേര്‍ന്ന് 1 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച ജൈവ വൈവിധ്യ ഉദ്യാനം നാട്ടുകാരുടെ സാന്നിധ്യത്തില്‍ കുട്ടികള്‍ക്ക് തുറന്നു കൊടുത്തു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരനും, വാര്‍ഡ് മെമ്പര്‍ പി.എ. ശകുന്തളയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
വിദ്യാലയത്തിനു ചുറ്റുവട്ടത്തുള്ള മൂന്ന് അങ്കണവാടികളിലെയും സ്കൂളിലെ പ്രീ പ്രൈമറിയിലെയും കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് സ്കൂളില്‍ സംഘടിപ്പിച്ച പ്രീ സ്കൂള്‍ കലോത്സവത്തിന്റെ സമാപനച്ചടങ്ങിലാണ് അഡ്മിഷന് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
തുടര്‍ന്ന് അജാനൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്കൂളിന് അനുവദിച്ച ഫര്‍ണിച്ചറുകള്‍ പഞ്ചായത്ത് പ്രസിഡണ്ടില്‍ നിന്നും പി.ടി.എ. പ്രസിഡണ്ട് എം.മൂസാന്‍ ഏറ്റുവാങ്ങി. കഥകളും പാട്ടുകളുമായി ഷൈജു ബിരിക്കുളം വേദിയില്‍ എത്തിയപ്പോള്‍ കുട്ടികക്കൊപ്പം രക്ഷിതാക്കള്‍ക്കും അത് ആസ്വാദകരമായ അനുഭവമായി മാറി. വിദ്യാലയ വികസന നിധി സമ്മാനക്കൂപ്പണിന്റെ വിതരണോല്‍ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരന് കുന്നത്തില്‍ നിന്നും പൊതു പ്രവര്‍ത്തകനും, പി.ടി.എ കമ്മിറ്റി അംഗവുമായ റിയാസ് അമലടുക്കം ഏറ്റുവാങ്ങി നിര്‍വ്വഹിച്ചു.
അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.എ ശകുന്തള അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് മെമ്പര്‍ ഒ.കൃഷ്ണന്, എസ്.എം.സി ചെയര്മാന് പ്രീത സുരേഷ്, മദര്‍ പി.ടി.പ്രസിഡണ്ട് അംബിക എന്നിവര്‍ സംസാരിച്ചു. പ്രധാന അദ്ധ്യാപകന് കെ.നാരായണന് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ധനുഷ് എം.എസ്. നന്ദിയും പറഞ്ഞു.
0 Comments