കല്യോട്ട് രക്തസാക്ഷിദിനവും എ.കെ.ജി മന്ദിരം ഉദ്ഘാടനവും; പെരിയ വീണ്ടും സംഘര്‍ഷഭീതിയില്‍


പെരിയ: കല്യോട്ട് കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ത്‌ലാലിന്റെയും ഒന്നാം രക്തസാക്ഷിദിനവും പെരിയയില്‍ തകര്‍ക്കപ്പെട്ട സിപിഎം ലോക്കല്‍കമ്മറ്റി ഓഫീസായ എ.കെ.ജി മന്ദിരം പുനര്‍നിര്‍മ്മിച്ചതിന്റെ ഉദ്ഘാടനവും അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നത് പെരിയ വീണ്ടും സംഘര്‍ഷഭീതിയിലായി. ഈ മാസം 17 നാണ് ശരത്ത്‌ലാലിന്റെയും കൃപേഷിന്റെയും ഒന്നാം രക്തസാക്ഷിദിനം ആചരിക്കുന്നത്. കെ.പി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനാണ് രക്തസാക്ഷിദിനാചരണചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. പരിപാടി വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.
അതേസമയം തന്നെ പെരിയ കൊലപാതകത്തെതുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ തകര്‍ക്കപ്പെട്ട സിപിഎം പെരിയ ലോക്കല്‍ കമ്മറ്റി ഓഫീസായ എ.കെ.ജി മന്ദിരം പുനര്‍നിര്‍മ്മിച്ചതിന്റെ ഉദ്ഘാടനം ഈ മാസം 19 ന് നടത്താന്‍ സിപിഎമ്മും തീരുമാനിച്ചിട്ടുണ്ട്. ഇ.പി.ജയരാജനാണ് മന്ദിരം ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. പെരിയ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഓഫീസ് ഉദ്ഘാടനം വന്‍ വിജയമാക്കാനാണ് സിപിഎമ്മിന്റെയും തീരുമാനം. റെഡ് വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ വന്‍ജനപങ്കാളിത്തം ഉറപ്പുവരുത്തുവാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. തങ്ങള്‍ക്ക് നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കാന്‍ പരമാവധി പ്രവര്‍ത്തകരെ പാര്‍ട്ടി ഓഫീസ് ഉദ്ഘാടനത്തിന് എത്തിക്കാന്‍ ജില്ലാ നേതൃത്വം കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. ലോക്കല്‍ കമ്മറ്റിക്ക് പുറമെനിന്നുള്ള പ്രവര്‍ത്തകരെയും ചടങ്ങില്‍ പങ്കെടുപ്പിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
രണ്ട് പരിപാടികളും ഒരു പോലെ വന്‍ വിജയപ്രതമാക്കാന്‍ ഇരുപാര്‍ട്ടി നേതൃത്വവും തീരുമാനിച്ച സാഹചര്യത്തില്‍ വീണ്ടും സംഘര്‍ഷമുണ്ടായേക്കുമെന്ന ആശങ്കയാണ് പെരിയയിലെ ജനങ്ങള്‍ക്കും പോലീസിനുമുള്ളത്. അതുകൊണ്ടുതന്നെ രണ്ട് പരിപാടികള്‍ക്കും കനത്ത സുരക്ഷയൊരുക്കാനാണ് ജില്ലാ പോലീസിന്റെ തീരുമാനം. പരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമമണം ഉണ്ടായേക്കുമെന്ന ആശങ്കയില്‍ അക്രമസാധ്യതയുള്ള പ്രദേശങ്ങളില്‍ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ജില്ലയിലെ ഉയര്‍ന്ന പോലീസ് ഓഫീസര്‍മാരുടെ യോഗവും ഉടന്‍ ചേരും. പുറമെനിന്നുള്ള പോലീസ് ഓഫീസര്‍മാരെയും പെരിയയില്‍ സുരക്ഷാചുമതലയ്ക്കായി നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Post a Comment

0 Comments