ഉദുമ: കോട്ടിക്കുളം റെയില്‍വെ മേല്‍പ്പാല നിര്മ്മാണത്തെചൊല്ലി സിപിഎം-ബി.ജെ.പി പോര് മുറുകുന്നു. മേല്‍പ്പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പാലക്കുന്ന് കഴകം ശ്രീഭഗവതി ക്ഷേത്രം കരിപ്പോടി പ്രാദേശിക കമ്മറ്റിയുടെ നേതുത്വത്തില്‍ ജനകീയ സമരം ആരംഭിച്ചതോടെയാണ് ഇരുപാര്‍ട്ടികളും തമ്മില്‍ അവകാശവാദവുമായി രംഗത്തുവന്നത്.
നിര്‍മ്മാണത്തുകയുടെ 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയ്ക്ക് കൈമാറാത്തതാണ് മേല്‍പ്പാല നിര്‍മ്മാണം ആരംഭിക്കാന്‍ വൈകുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്ത് ആരോപിച്ചു. 2005-06 സാമ്പത്തിക വര്‍ഷം തുടങ്ങേണ്ട നിര്‍മ്മാണ പ്രവൃത്തിയാണ് 15 കൊല്ലം കഴിഞ്ഞിട്ടും ആരംഭിക്കാത്തത്. മേല്‍പ്പാലം നിര്‍മ്മിക്കാന്‍ റെയില്‍വെ നേരത്തെതന്നെ തയ്യാറായിരുന്നു. 2010-11 വര്‍ഷം മുതല്‍ റെയില്‍വെ 5.47 കോടി രൂപ ബഡ്ജറ്റില്‍ നീക്കിവച്ചിരിന്നു.2018-2019 വര്‍ഷത്തില്‍ ഇത് 16 .70 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു. ഇതില്‍ ദേശീയ റെയില്‍വെ സുരക്ഷാ നിധിയില്‍ നിന്ന് 5.31.20 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. വിഹിതമായി സംസ്ഥാന സര്‍ക്കാര്‍ 5.47.90 കോടി രൂപ റെയില്‍വേയ്ക്ക് കൈമാറണമായിരുന്നു. 2019 വരെ റെയില്‍വേ പണം നീക്കിവെച്ചിട്ടും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം കൈമാറിയില്ല. എന്നിട്ടും യാതൊരു അടിസ്ഥാനവുമില്ലാതെ ഉദുമ എം.എല്‍.എ ആരോപണങ്ങളുന്നയിക്കുകയാണെന്നും ശ്രീകാന്ത് പറഞ്ഞു.
മേല്‍പ്പാലത്തിന്റെ കാര്യത്തില്‍ ശ്രീകാന്തിന്റെ ആരോപണം പച്ചക്കള്ളമാണ്. കേന്ദ്രമാണ് മേല്‍പ്പാല നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുന്നത്. മുഴുവന്‍ തുകയും സംസ്ഥാന സര്‍ക്കാര്‍ തന്നെ വിനിയോഗിച്ച് പാലം പണിയും. അതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി മാത്രം തന്നാല്‍മതിയെന്നും കെ.കുഞ്ഞിരാമന് എം.എല്‍. എ പറയുന്നു.
കോട്ടിക്കുളം മേല്‍പ്പാലം പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനെ ചുമതല ഏല്‍പ്പിച്ചിട്ട് രണ്ടര കൊല്ലം കഴിഞ്ഞു. 20 കോടി രൂപയും കൊടുത്തിട്ടുണ്ട്. റെയില്‍വെയുടെ ചുമതല വഹിക്കുന്ന മന്ത്രി ജി.സുധാകരന്റെ സാന്നിധ്യത്തില്‍ വിളിച്ച യോഗത്തില്‍ റെയില്‍വെ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് സ്ഥലം ഏറ്റെടുക്കാന്‍ മുമ്പ് രണ്ടര ലക്ഷം രൂപ തങ്ങള്‍ നല്‍കിയതായി റെയില്‍വെ അധികൃതര്‍ പറഞ്ഞത്. 12 വര്‍ഷം മുമ്പാണിത്. ഈ പാലത്തിന് റെയില്‍വെ ആകെ മുതലിറക്കിയ ത് ഈ തുകമാത്രമാണെന്നും കുഞ്ഞിരാമന് പറഞ്ഞു. എന്നാല്‍ കേന്ദ്രമോ സംസ്ഥാനമോ ഏതൊക്കെയായാലും തങ്ങള്‍ക്ക് പാലം അനുവദിച്ചുകിട്ടായാല് മതിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. അല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നും ജനങ്ങള്‍ മുന്നറിയിപ്പുനല്‍കി.
0 Comments