തോക്കുകള്‍ കാണാതായ സംഭവം: സിഎജിയെ തള്ളി ആഭ്യന്തര സെക്രട്ടറി


തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ തോക്കുകള്‍ കാണാതായത് സംബന്ധിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി. തോക്കുകള്‍ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ ശരിവച്ചു. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തോക്കുകളുടെ കണക്ക് സംബന്ധിച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിലെ പിഴവ് മാത്രമാണ് ഉണ്ടായതെന്നാണ് ആഭ്യന്തര സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്തയോട് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയത്. പോലീസുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വിവാദമായതിന് പിന്നാലെയാണ് ചട്ടവിരുദ്ധമായ കൂടുതല്‍ നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
പോലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് 25 ഇന്‍സാസ് റൈഫിളുകള്‍ കാണാതായെന്ന സി.എ.ജിയുടെ കണ്ടെത്തല്‍ ശരിയല്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി കഴിഞ്ഞ ദിവസം തോക്കുകള്‍ പരിശോധിച്ച ശേഷം വ്യക്തമാക്കിയിരുന്നു. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും സഭാസമിതി മുമ്പാകെ ഹാജരാക്കും.
എന്നാല്‍, ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കൂടി ഉള്‍പ്പെട്ട സമിതി സാധൂകരിച്ച് നല്‍കിയ പൊലീസ് മേധാവിയുടെ ക്രമക്കേടുകള്‍ അദ്ദേഹം തന്നെ പരിശോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷം നിലപാട് സ്വീകരിച്ചിരുന്നു.
സി.ബി. ഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി. സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments