കണ്ണൂര്‍: കാമുകന്റെ പ്രേരണയിലാണ് താന്‍ ഒന്നരവയസുകാരനായ മകന് വിയാനെ കൊലപ്പെടുത്തിയതെന്ന് മാതാവ് ശരണ്യ പോലീസിന് മൊഴി നല്കി.
ചോദ്യം ചെയ്യല്‍ തുടര്‍ന്നപ്പോഴാണ് ശരണ്യ മൊഴി ആവര്‍ത്തിച്ചത്. ഭീഷണിപ്പെടുത്തിയാണ് തന്നെ കാമുകന് നിധിന് വരുതിയിലാക്കിയത്. ഇതിനായി ഫേസ്ബുക്കിലെ ഫോട്ടോ എടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. കൂടാതെ എപ്പോഴും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കാലിലെ കൊലുസ്സാണ് ആദ്യം ചോദിച്ചത്. പിന്നീട് പലപ്പോഴും പണം ആവശ്യപ്പെടാന്‍ തുടങ്ങിയപ്പോഴാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചതെന്നും ശരണ്യ പോലീസിന് മൊഴി നല്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ കാമുകനായ നിധിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇരുവരേയും രണ്ടു മുറികളിലായി വെവ്വേറെ ചോദ്യം ചെയ്തുവരികയാണ്.
ഇന്നലെ ഉച്ചയോടെയാണ് ശരണ്യയെ പോലീസ് കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയത്. സ്റ്റേഷനില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് എല്ലാത്തിനും കാരണക്കാരന്‍ വാരത്തെ കാമുകന് നിധിനാണെന്ന് ശരണ്യ മൊഴി നല്‍കിയത്. ഇതിനിടയില്‍ പോലീസ് വിളിപ്പിച്ച് സ്റ്റേഷനിലെത്തിയ ഭര്‍ത്താവ് പ്രണവിനെ കണ്ടപ്പോള്‍ തനിക്ക് ആരുമില്ലാതായി എന്ന് പറഞ്ഞ് ശരണ്യ പൊട്ടിക്കരഞ്ഞു. സ്റ്റേഷനില്‍ വെച്ച് നിധിന് നേരെ പ്രണവ് ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്തു. എന്റെ കുടുംബം തകര്‍ത്തു കളഞ്ഞല്ലോടാ എന്ന് പറഞ്ഞായിരുന്നു നിധിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഇതോടെ പോലീസും സുഹൃത്തുക്കളും വേഗം പ്രണവിനെ തടഞ്ഞതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.
നിധിന് നല്കിയ മൊഴിയും ശരണ്യ നല്കിയ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ട്. നിധിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഇതിന്റെ ആശ്വാസത്തിലായിരുന്നു നിധിന്. എന്നാല്‍ ഇന്ന് ശരണ്യ നിധിനെതിരെ മൊഴി നല്‍കിയതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. കൊലപാതകത്തില്‍ നിധിന്റെ പങ്ക് വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കൊലപാതകം നടന്ന തലേദിവസം നിധിനെ ശരണ്യയുടെ വീടിന് സമീപം കണ്ടതായ പരിസരവാസി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നിധിന് ബൈക്കില്‍ പുലര്‍ച്ചെ ഒന്നര മണിയോടെ യാത്ര ചെയ്യുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും നോട്ടീസ് നല്കി ചോദ്യം ചെയ്തത്. ശനിയാഴ്ച നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്നതോടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങളിലേക്ക് നീങ്ങും എന്ന പോലീസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇന്നലെ വൈകുന്നേരം ഇയാള്‍ പോലീസിന് മുമ്പില്‍ ഹാജരായത്. മൂന്ന് മണിക്കൂറിലധികം നിധിനെ ചോദ്യം ചെയ്തു.
പുലര്‍ച്ചെ ഒന്നര മണിക്ക് എന്തിനാണ് ശരണ്യയുടെ വീട്ടില്‍ എത്തിയത് എന്നാണ് പോലീസ് ആദ്യം നിധിനോട് ചോദിച്ചത്. ശരണ്യയും താനും ചേര്‍ന്ന് സഹകരണ ബാങ്കില്‍ നിന്നും എടുക്കാന്‍ ശ്രമിച്ച ലോണിന്റെ ഡോക്യുമെന്റ്സ് കൈമാറാന്‍ എത്തിയതായിരുന്നു എന്നാണ് നിധിന് മറുപടി നല്‍കിയത്. മറ്റാരും അറിയാതിരിക്കാനാണ് ഈ സമയത്ത് എത്തിയത് എന്നും ഇയാള്‍ പറഞ്ഞു.
പല രീതിയില്‍ ചോദ്യം ചെയ്തിട്ടും ഇയാള്‍ പറഞ്ഞ മൊഴിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു. കുഞ്ഞിന്റെ കൊലപാതകം താന്‍ മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. ഒരിക്കല്‍ പോലും ശരണ്യ കുട്ടിയെ കൊലപ്പെടുത്തുന്ന കാര്യം തന്നോട് പറഞ്ഞിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ കുഞ്ഞില്ലായിരുന്നെങ്കില്‍ തന്റെ കൂടെ വരാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു എന്നും പറഞ്ഞിരുന്നതായും നിധിന് പറഞ്ഞു.
പരിസരവാസിയുടെയും ശരണ്യയുടെയും മൊഴികളില്‍നിന്നും കൊലപാതകത്തില്‍ നിധിന് പങ്കുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത് . ഇതോടെ സംഭവത്തില്‍ ഇയാളെകൂടി പ്രതിയാക്കി അറസ്റ്റുചെയ്യുമെന്നാണ് സൂചന.
0 Comments