തോക്കും ഉണ്ടയും കാണാതായി; ബെഹ്‌റ ബ്രിട്ടനിലേക്ക്


തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് വിദേശയാത്രക്ക് അനുമതി. അടുത്ത മാസം 3 മുതല്‍ 5 വരെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനാണ് ഡിജിപി അനുമതി നല്‍കിയത്. ഖജനാവില്‍ നിന്നാണ് പോലീസ് മേധാവിയുടെ യാത്രയ്ക്കുള്ള ചിലവ്. യുകെയില്‍ നടക്കുന്ന യാത്ര സുരക്ഷാ സെമിനാറില്‍ പങ്കെടുക്കാനാണ് ഡിജിപി പോകുന്നതെന്നാണ് രേഖകളില്‍ നിന്നും വ്യക്തമാകുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച അതീവ വീഴ്ചയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഒരു സുരക്ഷ സെമിനാറില്‍ പങ്കെടുക്കാന്‍ സംസ്ഥാന ഡിജിപിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
കേരളാ പോലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വെടിക്കോപ്പുകളും ആയുധങ്ങളും കാണാതായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഡിജിപി പ്രതിരോധത്തിലായത്. ഇതിന് പിന്നാലെ സിഎജി വാര്‍ത്താസമ്മേളനമടക്കം നടത്തി. ഡിജിപിയുടെ തന്നെ പേരെടുത്ത് പറഞ്ഞ് ആദ്യമായാണ് സിഎജി വാര്‍ത്താസമ്മേളനമടക്കം നടത്തുന്നത്. ഗുരുതരമായ വീഴ്ചയാണ് ഡിജിപിക്കെതിരെ ആരോപിക്കുന്നത്.
എന്നാല്‍ വിവാദങ്ങളോട് ഇതുവരേയും ഡിജിപി പ്രതികരിച്ചിട്ടില്ല. വ്യക്തിപരമായി പ്രതികരിക്കാന്‍ ഇല്ലെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഔദ്യോഗികമായി വിവരങ്ങള്‍ പത്രകുറിപ്പിലൂടെ അറിയിക്കും. വ്യക്തിപരമായി പ്രതികരിക്കുന്നത് ചട്ടലംഘനമാവുമെന്നും ബെഹ്‌റ വ്യക്തമാക്കി. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഡിജിപി കൂടിക്കാഴ്ച നടത്തുകയാണ്.

Post a Comment

0 Comments