വെട്ടിലായ സര്‍ക്കാര്‍ സിഎജി റിപ്പോര്‍ട്ടില്‍ അന്വേഷണം തുടങ്ങി


തിരുവനന്തപുരം: പോലീസ് വകുപ്പിലെ അഴിമതി ഓരോന്നായി ചൂണ്ടിക്കാട്ടിയ സിഎജി റിപ്പോര്‍ട്ടില്‍ അന്വേഷണത്തിന് ഒരുങ്ങി സംസ്ഥാനസര്‍ക്കാര്‍. പോലീസില്‍ ക്രമക്കേട് നടന്നോ എന്ന് അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ സംസ്ഥാനസര്‍ക്കാരിന് കീഴിലുള്ള ഒരു ഉദ്യോഗസ്ഥന്‍ അഴിമതി അന്വേഷിച്ചാല്‍ പോര, പകരം സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്.
സിഎജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ വെട്ടിലായ ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയും ആരോപണങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരുന്നത്. സിപിഎമ്മും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ഇതില്‍ ഗുരുതരമായ ക്രമക്കേടില്ലെന്ന നിലപാടെടുക്കുകയും ചെയ്തു. ഒപ്പം, സിഎജി റിപ്പോര്‍ട്ട് സഭയില്‍ വച്ചതിന് മുമ്പ് തന്നെ പി.ടി.തോമസ് എംഎല്‍എ പൊലീസിലെ ക്രമക്കേടുകളെക്കുറിച്ച് സഭയില്‍ ചോദ്യമുന്നയിച്ചതും, മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ കിട്ടിയതും സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതിന് തെളിവാണെന്നാണ് സിപിഎം ചൂണ്ടിക്കാണിക്കുന്നത്. സഭയില്‍ വയ്ക്കുന്നതിന് മുമ്പ് സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നത് ഗുരുതരമായ പ്രശ്‌നമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം ആരോപണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ വിമര്‍ശനവും ആരോപണങ്ങളും ശക്തമായതിനെത്തുടര്‍ന്ന് പ്രതിരോധത്തിലായപ്പോഴാണ് സര്‍ക്കാര്‍ ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിടുന്നത്.
പോലീസ് വകുപ്പുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേടുകളാണ് ആഭ്യന്തര സെക്രട്ടറിയോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, ആഭ്യന്തരസെക്രട്ടറി പരിശോധിച്ച് ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയാല്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് സര്‍ക്കാര്‍ പോകുമോ എന്നതും ചോദ്യചിഹ്നമാണ്.
നേരത്തേ ചട്ടപ്രകാരം സിഎജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചാല്‍ മതിയെന്ന നിലപാടായിരുന്നു സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചത്. ഇതില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. വെടിയുണ്ടകള്‍ കാണാതാകുന്ന സംഭവം ഇതിന് മുമ്പ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും ഉണ്ടായിരുന്നതാണെന്നും, അന്നൊന്നും മറ്റ് അന്വേഷണം നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ ന്യായീകരിച്ചു. ചീഫ് സെക്രട്ടറിയും ഇതേ നിലപാടുമായി രംഗത്തെത്തി. സിഎജിയെ സംശയത്തിന്റെ നിഴലിലാക്കി വാര്‍ത്താക്കുറിപ്പിറക്കുകയും ചെയ്തു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാകട്ടെ, പ്രതികരിക്കാന്‍ തയ്യാറായതുമില്ല. തോക്കുകളും ഉണ്ടകളും കാണാതായതിനെക്കുറിച്ചും, ചില ഉണ്ടകള്‍ക്ക് പകരം ഡമ്മി ഉണ്ടകള്‍ വച്ചതിനെക്കുറിച്ചും എഡിജിപി ടോമിന്‍ തച്ചങ്കരിയെ അന്വേഷിക്കാന്‍ നിയോഗിക്കുകയും ചെയ്തു.
തോക്കുകള്‍ കാണാതായിട്ടില്ലെന്നും, മണിപ്പൂരില്‍ പരിശീലനത്തിന് പോയ പൊലീസുകാരുടെ പക്കലാണ് കാണാതായി എന്ന് പറയപ്പെടുന്ന തോക്കുകളുള്ളതെന്നുമാണ് ഇന്നലെ തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ പരിശോധന നടത്തിയ എഡിജിപി ടോമിന്‍ ജെ തച്ചങ്കരി വ്യക്തമാക്കിയത്. വെടിയുണ്ടകള്‍ കാണാതായതില്‍ അന്വേഷണം നടന്ന് വരികകയാണെന്നും എത്ര ഉന്നതരായാലും അവര്‍ ശിക്ഷിക്കപ്പെടുമെന്നും തച്ചങ്കരി പറഞ്ഞു.
എന്നാല്‍ വാഹനങ്ങള്‍ വാങ്ങിയതും, എസ്‌ഐ/ എഎസ്‌ഐമാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ് ഫണ്ട് വകമാറ്റി ഡിജിപിക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ പണിതതും ഇതുവരെ അന്വേഷിക്കപ്പെട്ടിട്ടില്ല.
നേരത്തേ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിത്തുടങ്ങിയ വിഴിഞ്ഞം പദ്ധതിയിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന സിഎജി റിപ്പോര്‍ട്ടില്‍ ഇടത് മുന്നണി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഒരു പടി കൂടി കടന്ന് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ചാല്‍പ്പോര, പകരം കേന്ദ്ര ഏജന്‍സി തന്നെയാണ് ഇത് അന്വേഷിക്കേണ്ടതെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.
ഇത് ചൂണ്ടിക്കാട്ടിത്തന്നെ സര്‍ക്കാരിനെതിരെ ആക്രമണം പ്രതിപക്ഷം കടുപ്പിക്കാനാണ് സാധ്യത. അതിന്റെ തെളിവാണ്, ആഭ്യന്തര സെക്രട്ടറിയ്ക്ക് അന്വേഷണം കൈമാറിയതിനെ പരിഹസിച്ച് പി ടി തോമസ് എംഎല്‍എ രംഗത്തെത്തിയത്. എസ്‌ഐക്ക് എതിരായ കേസ് കോണ്‍സ്റ്റബിള്‍ അന്വേഷിക്കുന്നത് പോലെയാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും എതിരായ സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ആഭ്യന്തരസെക്രട്ടറി അന്വേഷിക്കുന്നത് എന്നാണ് പി ടി തോമസിന്റെ പരിഹാസം.

Post a Comment

0 Comments