പള്ളിക്കര: ഇലക്ട്രോണിക്സ് കടയില്‍ കവര്‍ച്ചക്കിടെ പോലീസിനെ കണ്ട് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതി ഊട്ടിയില്‍ അറസ്റ്റിലായി.
ബേക്കല്‍ പള്ളിക്കര ബിലാല്‍ നഗറിലെ അഹമ്മദ് കബീര്‍ എന്ന ലാലാ കബീര്‍ (33)ആണ് ഊട്ടിയില്‍ പോലീസിന്റെ പിടിയിലായത്. അവിടെ കവര്‍ച്ചയ്ക്ക് ശേഷം മുങ്ങുന്നതിനിടെയാണ് കുടുങ്ങിയത്. ബേഡകം സ്റ്റേഷനിലും കേസുള്ളതിനാല്‍ കബീറിനെ പിന്നീട് ബേഡകം സി ഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞ സെപ്തംബറിലാണ് ബേഡകം കാഞ്ഞിരത്തുങ്കാലിന് സമീപത്തെ മണ്ണടുക്കത്തെ ഇലക്ട്രോണിക്സ് കടയില്‍ ഭാര്യക്കൊപ്പമെത്തി കവര്‍ച്ച നടത്തുന്നതിനിടെ പോലീസിനെ കണ്ട് ഭാര്യയെ ഉപേക്ഷിച്ച് കബീര്‍ കടന്നുകളഞ്ഞത്. കടയുടെ പൂട്ട് തകര്‍ക്കുന്നതിനിടെ അവിടെയെത്തിയ പോലീസ് സംഘത്തെ കണ്ട് കബീര്‍ ഭാര്യയെ കൂട്ടാതെ ഓടിരക്ഷപ്പെടുകയായിരുന്നു. സ്വിഫ്റ്റ് കാറില്‍ കണ്ട സ്ത്രീയെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഓടിപ്പോയത് തന്റെ ഭര്‍ത്താവാണെന്ന കാര്യം യുവതി വെളിപ്പെടുത്തിയിരുന്നില്ല. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
യുവതിയില്‍ നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയപ്പോള്‍ കാഞ്ഞിരത്തിങ്കാലില്‍ താമസിക്കുന്ന കുംബഡാജെ ആനപ്പാറയിലെ ശിഹാബുദ്ദീന്റെ ബൈക്ക് മോഷ്ടിച്ച ശേഷമാണ് കബീര്‍ സ്ഥലം വിട്ടതെന്ന് തെളിഞ്ഞു. പ്രതിക്കായി തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് ഊട്ടിയില്‍ അറസ്റ്റിലായത്. ഊട്ടിയിലെ കേസില്‍ റിമാന്‍ഡിലായ കബീറിനെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് ബേഡകം പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം കബീറിനെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കുകയും കോടതിയുടെ അനുമതിയോടെ പ്രതിയുടെ അറസ്റ്റ് ബേഡകം പോലീസ് രേഖപ്പെടുത്തുകയുമായിരുന്നു.
0 Comments