കായിക കുതിപ്പിന് ഒരുങ്ങി കാഞ്ഞങ്ങാട് ബ്ലോക്ക്


കാസര്‍കോട്: ജില്ലയുടെ കായിക ഭൂപടത്തില്‍ ചേര്‍ത്തുവെയ്ക്കാന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ സംഭാവനകള്‍ തയ്യാറാകുന്നു.
ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ പഞ്ചായത്തുകള്‍ ഫുട്ബാള്‍, ഷട്ടില്‍, വോളിബോള്‍, ക്രിക്കറ്റ്, കബഡി മത്സരങ്ങള്‍ സംഘടിപ്പിച്ച് മത്സര വിജയികളെ ബ്ലോക്ക് തലത്തില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് പങ്കെടുപ്പിക്കും. ബ്ലോക്ക് തലത്തിലെ മത്സര വിജയികള്‍ക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. പതിനഞ്ച് വയസ് മുതലുള്ള കായിക പ്രതിഭകള്‍ക്കാണ്പരിശീലിക്കാന്‍ അവസരമൊരുങ്ങുക. പരിശീലനം പൂര്‍ത്തിയാകുന്ന പ്രതിഭകളെ ജില്ലയ്ക്ക് സമ്മാനിക്കുകയെന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. കേരളോത്സവത്തിലും ബീച്ച് ഗെയിംസിലും മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച യുവ പ്രതിഭകളെ കാസര്‍കോട് കണ്ടതാണ്. കൂടുതല്‍ മികച്ച പരിശീലനത്തിലൂടെ കായിക ശേഷി വര്‍ധിപ്പിക്കുന്ന പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ട് വെക്കുന്നത്.
കളിക്കളങ്ങളുടെ സ്ഥല പരിമിതിയും പരിശീലനത്തിന്റെ അഭാവവും നേരിടുന്ന സാഹചര്യത്തിലാണ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത്. സ്‌കൂള്‍ കോളേജ് തലങ്ങളില്‍ വിവിധ മത്സരങ്ങള്‍ക്ക് പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാകും ബ്ലോക്കിന്റെ പദ്ധതിയെന്നും ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി ജില്ലയിലെ കായിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി പറഞ്ഞു.

Post a Comment

0 Comments