ശബരിമലയിലെ തിരുവാഭരണം സര്‍ക്കാര്‍ സുരക്ഷയില്‍; ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് കടകംപള്ളി


തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാരിന്റെ സുരക്ഷയില്‍ ആണ് തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ ഇരിക്കുന്നത്. കൂടുതല്‍ സുരക്ഷ ആവശ്യം ആണെന്ന് സുപ്രീം കോടതി പറഞ്ഞാല്‍ ചെയ്യും. ദേവസ്വം ബോര്‍ഡുമായി ആലോചിച്ചു റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല ക്ഷേത്രത്തിന്റെ തിരുവാഭരണം പന്തളം രാജകുടുംബം കൈവശം വെക്കുന്നത് സുപ്രീംകോടതി ഇന്നലെ ചോദ്യം ചെയ്തിരുന്നു.
തിരുവാഭരണം അയ്യപ്പന്റേതാണോ, രാജകുടുംബത്തിന്റേതാണോ എന്നായിരുന്നു ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനായ കോടതി ചോദിച്ചത്. തിരുവാഭരണം ദൈവത്തിന് നല്‍കിക്കഴിഞ്ഞാല്‍ പിന്നീട് തിരിച്ചെടുക്കാനാകില്ല. തിരുവാഭരണം ക്ഷേത്രത്തിന് കൈമാറാനും അത് പരിപാലിക്കാന്‍ പ്രത്യേക ഓഫീസറെ നിയമിക്കാനും ഉള്ള നിര്‍ദ്ദേശം അംഗീകരിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ഇതിന് തിരുവാഭരണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം വെള്ളിയാഴ്ചയ്ക്കകം അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി പന്തളം രാജകുടുംബത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കോടതി അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ ഭരണനിര്‍വ്വഹണത്തിനായി പ്രത്യേക നിയമം കൊണ്ടുവരണമെന്ന് നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായുള്ള കരട് തയ്യാറാക്കിവരികയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. കരട് തയ്യാറാക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നാലാഴ്ചത്തെ സമയം കൂടി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിന്റെ പുരോഗതിയും വെള്ളിയാഴ്ച സുപ്രീംകോടതി പരിശോധിക്കും. ക്ഷേത്ര ഭരണത്തിലെ അവകാശം ഉന്നയിച്ച് പന്തളം രാജകുടുംബാംഗം പി.രാമവര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

Post a Comment

0 Comments