വീരമൃത്യുവരിച്ച ജവാന്റെ ഭാര്യ സേനയിലേക്ക്


ഡെറാഡൂണ്‍ : രാജ്യസേവനത്തിനിടെ പുല്‍വാമയില്‍ തീവ്രവാദികളുടെ ഭീരുത്വം നിറഞ്ഞ ഒളിയാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ സേനയിലേക്ക്.
മേജര്‍ വിഭൂതി ശങ്കര്‍ ഡൗന്‍ഡിയാലിന്റെ ഭാര്യ നികിത കൗള്‍ ആണ് ഭര്‍ത്താവിന്റെ വീരമൃത്യുവിന് ഒരു വര്‍ഷം തികയുന്ന വേളയില്‍ സൈന്യത്തില്‍ ചേരുവാനൊരുങ്ങുന്നത്. ഇതിനായുള്ള പരീക്ഷയും അഭിമുഖവും കഴിഞ്ഞ നികിത ഇപ്പോള്‍ സേനവിളിക്കുന്നതും കാത്തിരിക്കുകയാണ്. കേവലം പത്തുമാസത്തെ ദാമ്പത്യം മാത്രമാണ് നികിതയ്ക്കും വിഭൂതിയ്ക്കും വിധി അനുവദിച്ചത്. ഭര്‍ത്താവിന്റെ മൃതദേഹത്തിന് ജയ് ഹിന്ദ് പറഞ്ഞുകൊണ്ട് അന്തിമോപചാരം അര്‍പ്പിച്ച നികിതയുടെ വീഡിയോ കണ്ണീരോടെ രാജ്യം കണ്ടിരുന്നു.
ഭര്‍ത്താവിന്റെ വീരമൃത്യുവിന് ശേഷം സേനയില്‍ ചേരണമെന്ന നികിതയുടെ ആഗ്രഹത്തെ ആദ്യം വീട്ടുകാര്‍ എതിര്‍ത്തുവെങ്കിലും, ഇരുപത്തിയെട്ടുകാരിയുടെ ദൃഢനിശ്ചയത്തിന് മുന്നില്‍ വീട്ടുകാര്‍ ഒടുവില്‍ കീഴടങ്ങി. ഭര്‍ത്താവിനോടുള്ള തന്റെ പ്രണയം എക്കാലവും സൂക്ഷിക്കുന്നതിനായിട്ടാണ് ഈ വഴി തിരഞ്ഞെടുത്തതെന്ന് നികിത പറയുന്നു. ഭര്‍ത്താവിനോടുള്ള ബഹുമാനമാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം പ്രണയദിനമായ ഫെബ്രുവരി 14നാണ് രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണം ഉണ്ടായത്. ദേശീയപാതയില്‍ സൈനികര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റിയാണ് സൈനികരെ ഭീകരര്‍ അപായപ്പെടുത്തിയത്. ഇതിന് മറുപടിയായി ഇന്ത്യ പാക് അതിര്‍ത്തി കടന്ന് ബലാക്കോട്ടിലെ തീവ്രവാദ ക്യാമ്പുകളില്‍ ബോംബ് വര്‍ഷം നടത്തിയിരുന്നു. നൂറുകണക്കിന് തീവ്രവാദികളെ കൊലപ്പെടുത്തിയാണ് സേന പ്രതികാരം വീട്ടിയത്.

Post a Comment

0 Comments