അധ്യാപികരൂപശ്രീയെ കൊന്നത് സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി


കാസര്‍കോട്: അധ്യാപിക കടപ്പുറത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒരു സ്ത്രീയെ കൊലപ്പെടുത്തിയാല്‍ ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകുമെന്ന് പ്രതി വെങ്കിട്ടരമണ വിശ്വസിച്ചിരുന്നു. ഇതാണ് രൂപശ്രീയുടെ കൊലയിലേക്ക് നയിച്ചത്.
ജനുവരി 16 ന് വൈകിട്ട് കുറച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് വെങ്കിട്ടരമണ രൂപശ്രീയെ വീട്ടിലേക്ക് വിളിച്ചു വരത്തിയത്. ദുര്‍ഗിപ്പള്ളയില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയ ശേഷം രൂപശ്രീയെ കാറില്‍ കയറ്റി വീട്ടിലെത്തിച്ചു. മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പ്രകാരം നിരഞ്ജന്‍ കുമാറിനെ പൂജാമുറിയില്‍ ഒളിപ്പിച്ചിരുന്നു.
വീടിന്റെ പുറത്തുനിന്നു പൂട്ടിയ വാതില്‍ തുറന്നാണ് വെങ്കിട്ടരമണ രൂപശ്രീയുമായി വീട്ടിനകത്തേക്ക് കയറിയത്. തുടര്‍ന്ന് രൂപശ്രീയുടെ പുതിയ ബന്ധത്തെക്കുറിച്ച് ചോദിച്ച വെങ്കിട്ടരമണ രൂപശ്രീയുമായി വഴക്കിട്ടു. അതേക്കുറിച്ച് സംസാരം വേണ്ടെന്ന് രൂപശ്രീ പറഞ്ഞു. തര്‍ക്കം രൂക്ഷമായതോടെ വെങ്കിട്ടരമണ രൂപശ്രീയുടെ മുഖത്തടിച്ചു. പിന്നീട് ബലമായി കുളിമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി മര്‍ദ്ദനം തുടങ്ങി. രക്ഷപെട്ടോടിയ രൂപശ്രീയെ പിടികൂടി വെള്ളം നിറച്ച ബക്കറ്റില്‍ തലമുക്കി കൊലപ്പെടുത്തി. വെള്ളം കുടിച്ചുള്ള മരണം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉറപ്പിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. അപ്പോഴേക്കും ഹൊസങ്കടിയില്‍നിന്ന് വെങ്കിട്ടരമണയുടെ ഭാര്യവിളിച്ചു. വെങ്കിട്ടരമണയും നിരഞ്ജനും ചേര്‍ന്ന് രൂപശ്രീയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച് ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഭാര്യയെ കൂട്ടാനായി പോയി.
രൂപശ്രീയുടെ മൃതദേഹം ഒളിപ്പിച്ച കാറില്‍ ഭാര്യയേയും സുഹൃത്തിനെയും കൂട്ടി ഏറെ നേരം യാത്ര ചെയ്തു. വീട്ടിലെത്തി പിന്നീട് അഞ്ചുമണിയോടെ പൂജക്കെന്നുപറഞ്ഞ് മൃതദേഹം നശിപ്പിക്കാന്‍ വെങ്കിട്ടരമണയും നിരഞ്ജനും വീട്ടില്‍നിന്നും ഇറങ്ങി. അപ്പോഴേക്കും രൂപശ്രീ ടീച്ചര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയായിരുന്നു.
ഇതിനിടയില്‍ അമ്മയെ കാണാതായിട്ടുണ്ടെങ്കില്‍ അതിനുപിന്നില്‍ വെങ്കിട്ടരമണയായിരിക്കുമെന്ന് മകന്‍ പോലീസിന് മൊഴി നല്‍കി. ഇതേതുടര്‍ന്ന് പോലീസ് വെങ്കിട്ടരമണയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഉടന്‍ സ്റ്റേഷനിലെത്താമെന്ന് അറിയിച്ച വെങ്കിട്ടരമണ സ്റ്റേഷനിലേക്ക് പോയില്ല. ഇതില്‍ പോലീസുകാര്‍ക്ക് സംശയം തോന്നിയില്ല. അതേസമയം കാറില്‍ ഒളിപ്പിച്ച രൂപശ്രീ ടീച്ചറുടെ മൃതദേഹവുമായി പ്രതിയും നിരഞ്ജനും ദേശീയപാതയിലൂടെ യാത്ര ചെയ്യുകയായിരുന്നു.
മൃതദേഹം സുരക്ഷിതമായ ഒരു കടല്‍ത്തീരത്ത് ഉപേക്ഷിക്കാനായിരുന്നു പ്രതികളുടെ നീക്കം. എന്നാല്‍ ആസൂത്രണങ്ങളെല്ലാം പാളി. പോലീസ് സ്റ്റേഷനില്‍നിന്നും നാട്ടുകാരില്‍നിന്നും തുടരെ ഫോണ്‍ വിളികള്‍ എത്തിയതോടെ എത്രയും വേഗം മൃതദേഹം ഉപേക്ഷിക്കാനായി പിന്നീട് പ്രതികളുടെ ശ്രമം. ഇതോടെ ആള്‍സഞ്ചാരം കുറഞ്ഞ മഞ്ചേശ്വരം കടപ്പുറത്ത് മൃതദേഹം ഉപേക്ഷിച്ചു.
നേരെ തിരിച്ച് കാറില്‍ വീട്ടിലെത്തിയതോടെ നാട്ടുകാരും രൂപശ്രീയുടെ ബന്ധുക്കളുമെല്ലാം വീട് വളഞ്ഞ് വെങ്കിട്ടരമണയെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. പോലീസിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും വെങ്കിട്ടരമണയും നിരഞ്ജനും മറുപടി നല്‍കിയതോടെ ഇരുവരേയും വിട്ടയച്ചു. നേരം പുലര്‍ന്നിട്ടും രൂപശ്രീ ടീച്ചര്‍ എവിടെ എന്നു മാത്രം ബന്ധുക്കള്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞില്ല. പകല്‍ വീണ്ടും തിരച്ചില്‍ തുടങ്ങി.
പിറ്റേദിവസം രാവിലെ കുമ്പള കടപ്പുറത്ത് ഒരു സ്ത്രീയുടെ മൃതദേഹം അടിഞ്ഞെന്ന വിവരം പടര്‍ന്നു. പോലീസ് വിളിച്ചതനുസരിച്ച് വീട്ടുകാര്‍ സ്ഥലത്തെത്തി രൂപശ്രീയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. പൂര്‍ണനഗ്‌നമായിരുന്നു മൃതദേഹം. അതിക്രൂരമായ മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു. മൃതദേഹത്തിനു മുടി ഉണ്ടായിരുന്നില്ല.
രൂപശ്രീ ടീച്ചറുടെ സഹപ്രവര്‍ത്തകനായ പ്രതി വെങ്കിട്ടരമണ വര്‍ഷങ്ങളായി ടീച്ചറുമായി അടുത്തബന്ധത്തിലായിരുന്നു. എന്നാല്‍ അടുത്തകാലത്തായി രൂപശ്രീ ടീച്ചര്‍ തന്റെ സുഹൃദ് വലയത്തില്‍നിന്ന് പുറത്തുപോകുന്നുവെന്ന ചിന്തയാണ് വെങ്കിട്ടരമണയെ ശത്രുവാക്കിയത്. സ്‌കൂളിലെ പ്രവര്‍ത്തനങ്ങളുമായി മറ്റ് അധ്യാപകര്‍ക്കൊപ്പം ടീച്ചര്‍ യാത്രചെയ്യുന്നതും വെങ്കിട്ടരമണയ്ക്കു സഹിച്ചില്ല. കാസര്‍കോടിന്റെ അതിര്‍ത്തി പ്രദേശത്ത് കര്‍ണാടകയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടായിരുന്നു വെങ്കിട്ടരമണയുടെ ജീവിതം. പൂജയും ആചാരങ്ങളും മുറപോലെ നടത്തി വന്ന വെങ്കിട്ടരമണ സ്‌കൂളിലെ ചിത്രകല അധ്യാപകനായിരുന്നു. ആറുവര്‍ഷത്തിനുമുകളില്‍ പരിചയമുണ്ട് രൂപശ്രീ ടീച്ചര്‍ക്കും വെങ്കിട്ടരമണയ്ക്കും തമ്മില്‍. ആ സൗഹൃദം അകന്നുപോകുമെന്ന ഭീതി കൊലപാതകത്തിലെത്തി.രൂപശ്രീ ടീച്ചറുടെ കൊലപാതകം വെളിച്ചത്തുവന്നതോടെ കൂടുതല്‍ ആരോപണങ്ങള്‍ക്കു നടുവിലാണ് വെങ്കിട്ടരമണ. പലമരണങ്ങളും അന്വേഷിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Post a Comment

0 Comments