പതിനഞ്ചരകിലോ സ്വര്‍ണ്ണവുമായി ബേക്കലില്‍ രണ്ടുപേര്‍ പിടിയില്‍


ഉദുമ: തലശ്ശേരിയില്‍ നിന്നും മുംബൈയിലേക്ക് കടത്തുകയായിരുന്ന പതിനഞ്ചരകിലോ സ്വര്‍ണ്ണവുമായി രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റംസ് പിടികൂടി.
പിടികൂടിയ സ്വര്‍ണത്തിന് 6.20 കോടി രൂപ വിലവരും. രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് 6.30 മണിയോടെ ബേക്കല്‍ ടോണ്‍ ബൂത്തിനടുത്ത് വെച്ചാണ് ഹ്യുണ്ടായ് ക്രെറ്റ കാറില്‍ രഹസ്യ അറകളുണ്ടാക്കി കടത്തുകയായിരുന്ന സ്വര്‍ണം പിടികൂടിയത്. കാറില്‍ രണ്ട് രഹസ്യഅറകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു സ്വര്‍ണം. അറസ്റ്റിലായവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
കേരളത്തിലെയും മഹാരാഷ്ട്രത്തിലെയും കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ള സംഘത്തിന്റേതാണ് സ്വര്‍ണമെന്നാണ് പ്രാഥമിക സൂചന. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തലശ്ശേരിയില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന കാര്‍ കസ്റ്റംസ് പിന്തുടര്‍ന്ന് ബേക്കലില്‍ വാഹനം കുറുകെയിട്ട് കസ്റ്റഡിയിലെടുത്തത്.
ഇത്രയും വലിയ സ്വര്‍ണവേട്ട കാസര്‍കോട് ജില്ലയില്‍ ഇതാദ്യമാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കസ്റ്റംസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. അറകള്‍ പൊളിച്ചുനീക്കി കൂടുതല്‍ പരിശോധന നടത്തിയാല്‍ കൂടുതല്‍ സ്വര്‍ണമുണ്ടോയെന്ന് കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Post a Comment

0 Comments