നവീകരിച്ച ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനത്തിന് ആര്‍ട്ടിസ്റ്റുകളില്ല; വ്യാപക പ്രതിഷേധം


കാഞ്ഞങ്ങാട്: നവീകരിച്ച കാഞ്ഞങ്ങാട്ടെ ആര്‍ട്ട് ഗ്യാലറിയുടെ ഉദ്ഘാടനം ഈമാസം 15 ന് നടക്കും.
അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജിന്റെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശനാണ് നവീകരിച്ച ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനം ചെയ്യുന്നത്. എന്നാല്‍ സാംസ്‌കാരിക കേന്ദ്രമായ കാഞ്ഞങ്ങാട്ടെ നവീകരിച്ച ആര്‍ട്ട് ഗ്യാലറിയുടെ ഉദ്ഘാടന ചടങ്ങില്‍ കലാകാരന്മാരാരെയും ക്ഷണിച്ചിട്ടില്ല. ഇത് കലാകാരന്മാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. അക്കാദമി സെക്രട്ടറി പി.വി.ബാലന്‍ സ്വാഗതം പറയുകയും വൈസ് ചെയര്‍മാന്‍ എബി എന്‍ ജോസഫ് അധ്യക്ഷത വഹിക്കുകയും ചെയ്യുന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ഗൗരി, നഗരസഭാ കൗണ്‍സിലര്‍ റംഷീദ് എന്നിവര്‍ ഉള്‍പ്പെടെ സിപിഎം ബി.ജെ.പി, കോണ്‍ഗ്രസ്, ലീഗ് തുടങ്ങി എന്‍.സി.പി പ്രതിനിധികളടക്കം 13 രാഷ്ട്രീയപാര്‍ട്ടി നേതാക്കളാണ് ആശംസ പ്രസംഗത്തിനായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആര്‍ട്ട് ഗ്യാലറിയുടെ ഉദ്ഘാടനത്തിന് കലാകാരന്മാരാരേയും ക്ഷണിക്കാതെ രാഷ്ട്രീയമേളയാക്കി മാറ്റിയതിലാണ് കലാകാരന്മാരില്‍ കടുത്തപ്രതിഷേധം ഉണ്ടാക്കിയിരിക്കുന്നത്.
ടൗണ്‍ വികസനത്തിന്റെ പേരില്‍ ആര്‍ട്ട് ഗ്യാലറി പൊളിച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച നഗരസഭാ ചെയര്‍മാന്‍തന്നെയാണ് നവീകരിച്ച ഗ്യാലറിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് എന്നതും കൗതുകമാണ്.

Post a Comment

0 Comments