മാതാവിന്റെ ആത്മഹത്യ: മകന്‍ ബന്ധുക്കള്‍ക്കെതിരെ പരാതി നല്‍കും


കാസര്‍കോട്: തന്റെ മാതാവിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവാവ് മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാനൊരുങ്ങുന്നു.
ചൊവ്വാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ചെമ്മനാട് കൊമ്പനടുക്കത്തെ യൂസുഫിന്റെ ഭാര്യ മറിയുമ്മ (55)യുടെ മരണത്തിലാണ് പരാതിയുമായി മകന്‍ രംഗത്തു വന്നത്. മൂത്ത മകന്റെ ഭാര്യയുടെ വീട്ടുകാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി മാതാവിനെയും പിതാവിനെയും മര്‍ദ്ദിച്ചിരുന്നതായി മകന്‍ സഫറുല്ലാഹ് പരാതിപ്പെട്ടിരുന്നു.
മൂന്ന് മക്കളാണ് മരിച്ച മറിയുമ്മയ്ക്കുള്ളത്. മൂത്ത മകന്റെ ഭാര്യയും ഗള്‍ഫിലുള്ള ഇളയ മകന്റെ ഭാര്യയുമായിരുന്നു വീട്ടില്‍ താമസം. പ്രസവത്തെ തുടര്‍ന്ന് ഇളയ മകന്റെ ഭാര്യ സ്വന്തം വീട്ടിലാണ്. തറവാട് വീട് മൂത്ത മകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ക്ക് വിഹിതം നല്‍കാനും വീട് വിട്ടുകൊടുക്കാനും തീരുമാനിച്ചിരുന്നു. രണ്ടാമത്തെ മകന്‍ സഫറുല്ലയ്ക്ക് സ്ഥലം വാങ്ങാന്‍ പണം നല്‍കിയിരുന്നു. ഇളയ മകനും മാതാപിതാക്കള്‍ക്കുമുള്ള വിഹിതം നല്‍കുന്നതിന് മുമ്പു തന്നെ മാതാപിതാക്കളോട് വീട്ടില്‍ നിന്നും ഇറങ്ങണമെന്ന് പറഞ്ഞ് മരുമകള്‍ സ്ഥിരമായി വഴക്കുകൂടുകയായിരുന്നുവെന്നാണ് പരാതി. നാട്ടിലുള്ള തന്നെ സംഭവം അറിയിക്കാതിരിക്കാന്‍ മാതാവിന്റെ ഫോണ്‍ പോലും മരുമകള്‍ പിടിച്ചുവെച്ചിരുന്നു.
തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ വഴക്കുണ്ടാവുകയും മരുമകള്‍ വിളിച്ചുപറഞ്ഞതനുസരിച്ച് ബന്ധുക്കള്‍ എത്തി മറിയുമ്മയെയും ഭര്‍ത്താവിനെയും മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. അയല്‍വാസികള്‍ ഇടപെട്ടാണ് മര്‍ദനം തടഞ്ഞത്. മര്‍ദ്ദനം തടുക്കാന്‍ ശ്രമിക്കുന്നതിനിടെ അയല്‍പക്കത്തെ ഒരു പെണ്‍കുട്ടിക്ക് കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുടുംബത്തിന് നാണക്കേടാകുമെന്നതിനാല്‍ മര്‍ദ്ദനം സംബന്ധിച്ച് നിര്‍ബന്ധിച്ചിട്ടും മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കാനോ ആശുപത്രിയില്‍ ചികിത്സ തേടാനോ തയ്യാറായിരുന്നില്ല.
വിവരമറിഞ്ഞ് ഗള്‍ഫിലായിരുന്ന മൂത്ത മകന്‍ നാട്ടിലെത്തുകയും പിതാവിനെ തല്ലിയവര്‍ വന്ന് മാപ്പ് പറഞ്ഞാല്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് മാതാവ് പറഞ്ഞിരുന്നു. അടുത്ത ബന്ധുക്കള്‍ ഇടപെട്ട് മധ്യസ്ഥ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിനിടയില്‍ പച്ച വെള്ളം പോലും കുടിക്കാതെ മകന്‍ വീട്ടില്‍ നിന്നുമിറങ്ങിയത് മാതാവിനെ തളര്‍ത്തുകയും ഇതേ തുടര്‍ന്ന് ജീവനൊടുക്കുകയുമായിരുന്നു. മാതാവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയമത്തിന്റെ ഏതറ്റം വരെയും പോകും.

Post a Comment

0 Comments