ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തുതുടങ്ങി; അറസ്റ്റിന് സാധ്യത


തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതികേസില്‍ മുന്‍ പൊതു മരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു തുടങ്ങി. പകല്‍11ന് തിരുവനന്തപുരത്ത് പൂജപ്പുരയിലെ വിജിലന്‍സ് പ്രത്യേക സെല്‍ ആസ്ഥാനത്ത് ഇബ്രാഹിംകുഞ്ഞ് ഹാജരായി. തന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് മാധ്യമപ്ര്വര്‍ത്തകരോട് ഇബ്രാഹഇംകുഞ്ഞ് പറഞ്ഞു.
മേല്‍പ്പാലം പണിയാന്‍ കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞും ഒപ്പിട്ടതിന്റെ രേഖകള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. പണം നല്‍കിയത് ഉദ്യോഗസ്ഥതല തീരുമാനമാണെന്ന ഇബ്രാഹിം കുഞ്ഞിന്റെ വാദം ഇതോടെ പൊളിഞ്ഞു. ഇതിലടക്കം വ്യക്തത തേടിയാണ് വിജിലന്‍സ് ചോദ്യം ചെയ്യുന്നത്.ചോദ്യം ചെയ്യലോടെ അന്വേഷണം നിര്‍ണായകഘട്ടത്തിലേക്ക് കടക്കും. അറസ്റ്റുണ്ടാകുമോ എന്ന പരിഭ്രാന്തിയിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍.
തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദമായ ചോദ്യാവലി തയ്യാറാക്കി. വിജിലന്‍സ് എസ്.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍. നേരത്തേ രണ്ടുവട്ടം വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കരാര്‍ കമ്പനിക്ക് പണം മുന്‍കൂര്‍ അനുവദിച്ചത് അടക്കമുള്ളവയില്‍ തൃപ്തികരമായി മറുപടി നല്‍കാന്‍ ഇബ്രാഹിം കുഞ്ഞിനായില്ല. തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ മുഖേന ഗവര്‍ണറുടെ അനുമതി തേടിയത്. തെളിവുകള്‍ നിരത്തിയുള്ള ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കിയില്ലെങ്കില്‍ അറസ്റ്റുണ്ടായേക്കും. എംഎല്‍എ എന്ന നിലയ്ക്ക് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്താല്‍ വിവരം നിയമസഭാ സ്പീക്കറെ അറിയിച്ചാല്‍ മതിയാകും. അറസ്റ്റ് ചെയ്യേണ്ടിവരികയാണെങ്കില്‍ അതിന് മറ്റ് തടസ്സങ്ങളില്ലെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

Post a Comment

0 Comments