നിര്‍ഭയ കേസ്: കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി തള്ളി, വധശിക്ഷ നടപ്പാക്കുന്നത് വൈകും


ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്തത് പിന്‍വലിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കാനവില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികളുടെ ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. വധശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്നാണ് അഭിപ്രായമെന്നും ഡല്‍ഹി ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതു തടഞ്ഞുള്ള കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരുന്നു. കേസില്‍ കക്ഷിചേര്‍ന്നിട്ടുള്ള എല്ലാവരുടെയും വാദങ്ങള്‍ കേട്ട ശേഷം ഉത്തരവു പുറപ്പെടുവിക്കുമെന്നാണ് ജസ്റ്റിസ് സുരേഷ് കൈഠ് വ്യക്തമാക്കിയിരുന്നത്.
ശിക്ഷ വൈകിപ്പിക്കാന്‍ പ്രതികള്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. പ്രതികള്‍ കണക്കുകൂട്ടിയുള്ള നീക്കങ്ങളാണു നടത്തുന്നത്. പ്രതികളിലൊരാളായ പവന്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാതിരിക്കുന്നതു മനഃപൂര്‍വമാണെന്നും നിയമ നടപടി പൂര്‍ത്തിയായവര്‍ക്കു വധശിക്ഷ നടപ്പാക്കണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.

Post a Comment

0 Comments