കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട എല്ലാ തടസ്സങ്ങളും നീങ്ങിയതായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ദേശീയപാത വികസനത്തിന് അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കലും ദേശീയ പാത കടന്നു പോകുന്ന 33 വില്ലേജുകളിലെ ഭൂ ഉടമകള്‍ക്ക് നഷ്ട പരിഹാരം നല്കുന്ന നടപടി ത്വരിതപ്പെടുത്താനും ദേശീയ പാത വിഭാഗം പ്രൊജക്ട് ഡയരക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചു.ഇതുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട്, കാസര്‍കോട്, അടുക്കത്ത്ബയല്‍ വില്ലേജുകളില്‍ ഉണ്ടായിരുന്ന സ്റ്റേ നീക്കുമെന്ന് ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദേശീയപാത വിഭാഗം പ്രൊജക്ട് ഇന്പ്ലിമേന്റേഷന് യൂണിറ്റ് പ്രൊജക്ട് ഡയരക്ടര്‍ നിര്‍മ്മല്‍ സാഡെ, ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവുമായി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ സാന്നിധ്യത്തില്‍ നടത്തിയ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം കൈകൊണ്ടത്. ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് പരാതിയുള്ളവര്‍ ആര്‍ബിട്രേറ്റര്‍ ആയ കളക്ടര്‍ മുമ്പാകെ സമര്‍പ്പിക്കണം. ഇത്തരം കേസുകളില്‍ തീരുമാനമാകുന്നതുവരെ നഷ്ട പരിഹാര തുക ആര്ബിട്രെറ്ററുടെ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കാനും തീരുമാനമായി. നഷ്ട പരിഹാരം പ്രഖ്യാപിച്ച ആക്ഷേപമുള്ള കേസുകളില്‍ ആര്‍ബിട്രേറ്റര്‍ക്ക് പരാതി നല്‍കുമെന്ന് ദേശീയ പാത വിഭാഗം അറിയിച്ചു. നഷ്ടപരിഹാരം പ്രഖ്യാപിച്ച ബഹുഭൂരിപക്ഷം കേസുകളിലും ആക്ഷേപമില്ല.
കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ദേശീയപാത വിഭാഗം പ്രൊജക്ട് ഇംപ്ലിമേന്റേഷന്‍ യൂണിറ്റ് കോഴിക്കോട് പ്രൊജക്ട് ഡയരക്ടര്‍ നിര്‍മ്മല്‍ സാഡെ, സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ എല്‍ എ(എന്‍ എച്ച്) കെ അജേഷ്, ഡെപ്യൂട്ടി കളക്ടര്‍ എല്‍ എ സജി എഫ് മന്‍ഡിസ്, കാസര്‍കോട് നഗര സഭാ വൈസ്ചെയര്‍മാന്‍ എല്‍ എ മഹമൂദ് എന്നിവര്‍ സംബന്ധിച്ചു.
0 Comments