സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കില്ല: നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ ജനസംഖ്യാ രജിസ്റ്ററിലും നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ എന്‍പിആറിലേക്കുള്ള കണക്കെടുപ്പുകള്‍ നിര്‍ത്തിവെക്കാന്‍ നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സെന്‍സസും ജനസംഖ്യാ രജിസ്റ്ററും രണ്ടാണെന്നും സെന്‍സസ് പ്രവര്‍ത്തനം തുടരുമെന്നും സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
സെന്‍സസിനെതിരെ അനാവശ്യ ഭീതി ഇപ്പോഴും പരത്തുകയാണെന്നും അതിനാല്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സെന്‍സസിന് മുന്‍പ് ബോധവല്‍ക്കരണ പരിപാടി നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് തടങ്കല്‍ പാളയം സ്ഥാപിക്കണമെന്ന നിര്‍ദേശം സാമൂഹ്യനീതി വകുപ്പിന് നല്‍കിയത്. എന്നാല്‍ സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിക്കുന്നതിന് നടപടിയൊന്നും എടുത്തിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ നിലപാട് അപകടകരമായ അവസ്ഥയിലേക്ക് കൊണ്ടു പോവുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 31 ചോദ്യാവലി ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഒന്നാംഘട്ട സെന്‍സസിനുള്ള വിജ്ഞാപനം പുറത്തിറങ്ങിയിരുന്നു. പൊതുഭരണവകുപ്പാണ് വിജ്ഞാപനം ഇറക്കിയത്. വിവാദ ചോദ്യങ്ങളൊന്നും തന്നെ ഉള്‍പ്പെടുത്താതെ കുടുംബ നാഥന്റെ പേരും തൊഴില്‍ , ഭവന സൗകര്യം, പശ്ചാത്തല സൗകര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ ചോദ്യാവലിയാണ് പുറത്തിറക്കിയത്.

Post a Comment

0 Comments