വ്യാപാരി സംഘടനാ നേതൃത്വത്തിന്റെ ഇരട്ടത്താപ്പ്; കച്ചവടക്കാരില്‍ പ്രതിഷേധം കൊഴുക്കുന്നു


കാഞ്ഞങ്ങാട്: കേരളത്തിലെ വ്യാപാരികളുടെ കരുത്തുറ്റ സംഘടനയായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുടെ ഇരട്ടത്താപ്പ് സാധാരണക്കാരായ വ്യാപാരികളില്‍ കടുത്ത അതൃപ്തിവളര്‍ത്താനിടയാക്കി.
ദേശീയപാത വികസനത്തില്‍ ആയിരത്തിലധികം വ്യാപാരികള്‍ തങ്ങളുടെ വ്യാപാര സ്ഥാപനങ്ങള്‍ ഒഴിയണം. മൂന്നും നാലും പതിറ്റാണ്ടും അതില്‍കൂടുതലും കെട്ടിടം വാടകയ്‌ക്കെടുത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ വെറുംകയ്യോടെ ഇറങ്ങേണ്ട അവസ്ഥയാണിപ്പോള്‍. കുടിയാന്മാരായ വ്യാപാരികള്‍ ഒഴിയുന്ന മുറയ്ക്ക് കെട്ടിടം വിട്ടുകൊടുക്കുന്ന കെട്ടിട ഉടമകള്‍ക്ക് വന്‍തുക സര്‍ക്കാര്‍ പ്രതിഫലമായി നല്‍കുന്നുണ്ട്. കാലാകാലങ്ങളായി കെട്ടിടം കൈവശം വെച്ച് വാടക നല്‍കുന്ന വ്യാപാരികള്‍ക്കും ഇതില്‍ നിന്നും ഒരു വിഹിതം കിട്ടാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ വ്യാപാരി നേതൃത്വം ഇതിനുവേണ്ടി ചെറുവിരല്‍പോലും അനക്കുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. വ്യാപാരികളില്‍ പലരും കെട്ടിട ഉടമകളാണ്. ഇതാണ് വാടകക്കാരായ വ്യാപാരികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് തടസ്സമായിരിക്കുന്നത്.
കെ.എസ്.ടി.പി റോഡ് വികസനത്തിന്റെ ഭാഗമായി കെട്ടിടം ഒഴിഞ്ഞുകൊടുത്ത വാടകക്കാരായ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ പ്രതിഫലം നല്‍കിയിരുന്നു. ഇതേപോലെ ഹൈവേ വികസനത്തിലൂടെ നഷ്ടപ്പെടുന്ന വ്യാപാര സ്ഥാപന ഉടമകള്‍ക്കും പ്രതിഫലം കിട്ടേണ്ടതുണ്ട്. ഇതിന് വ്യാപാരി സംഘടന ശക്തമായ സമ്മര്‍ദ്ദം ചെലുത്തണം. എന്നാല്‍ കേരള വ്യാപാരി വ്യവസായ ഏകോപന സമിതി ഇതിനെതിരെ കണ്ണടയ്ക്കുകയാണ്.
പ്ലാസ്റ്റിക് നിരോധനത്തിനെതിരെയും വ്യാപാരി സംഘടന ക്രിയാത്മകമായ നടപടികളിലേക്ക് കടന്നിട്ടില്ല. കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ടെങ്കിലും ശക്തമായ പ്രക്ഷോഭത്തിലൂടെ ഇതിനെ നേരിടാന്‍ വ്യാപാരി സംഘടന തയ്യാറായില്ല. കേരളത്തിലങ്ങോളമിങ്ങോളം വ്യാപാരി സംഘടന നിര്‍ജ്ജീവമാണ്. സ്ഥാനം നിലനിര്‍ത്താന്‍ സംസ്ഥാന പ്രസിഡണ്ട് ടി.നസിറുദ്ദീന്‍ സംഘടനാ തിരഞ്ഞെടുപ്പിന് മുമ്പ് സജീവമായിരുന്നു. തിരഞ്ഞെടുപ്പില്‍ രണ്ടുവര്‍ഷത്തേക്കുകൂടി കസേരയുറച്ചതോടെ വീട്ടിലിരുന്ന് പ്രസ്താവന ഇറക്കുന്നതല്ലാതെ മറ്റ് പ്രവര്‍ത്തനങ്ങളില്ല. കാസര്‍കോട് ജില്ലയിലെ സ്ഥിതിയും തഥൈവ. മരണപ്പെടുന്ന സംഘടനാ അംഗത്തിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് തുടങ്ങിയ കുടുംബക്ഷേമ പദ്ധതി ഇനിയും പൂര്‍ത്തിയായില്ല. 3300 അംഗങ്ങള്‍ മാത്രമാണ് ഇതുവരെ ചേര്‍ന്നത്. ഇവരിലും പലരും പണം നല്‍കാനുമുണ്ട്. പദ്ധതിയുടെ തുടക്കത്തില്‍ മരണപ്പെട്ട ചിലരുടെ കുടുംബങ്ങള്‍ക്ക് അഞ്ച്‌ലക്ഷം രൂപാവീതം നല്‍കിയെങ്കിലും പിന്നീട് തുക കുറഞ്ഞു. നിലവില്‍ 3,30,000 രൂപയാണ് സഹായം നല്‍കുന്നത്. മരണപ്പെടുന്ന വ്യാപാരിയുടെ കുടുംബത്തിന് ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ഉപകരിക്കുംവിധം പണം കൈമാറുമെന്നായിരുന്നു പ്രഖ്യാപനം. അത് ഇപ്പോള്‍ 41 അടിയന്തിരവും കഴിഞ്ഞാണ് നല്‍കുന്നത്.
ജില്ലയില്‍ സംഘടനാ സംവിധാനവും ഏതാണ്ട് കുത്തഴിഞ്ഞനിലയിലാണ്. നിലവിളക്ക് കൊളുത്തലും നാടമുറിക്കലുമാണ് ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷെരീഫിന്റെ പ്രധാന സംഘടനാപ്രവര്‍ത്തനം. 35 ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ വേണ്ടിടത്ത് ഇപ്പോള്‍ എക്‌സിക്യുട്ടീവ് അംഗങ്ങളുടെ എണ്ണം നൂറില്‍കൂടുതലാണ്. പതിമൂന്ന് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുക്കേണ്ട സ്ഥാനത്ത് ഇപ്പോള്‍ സംസ്ഥാന കൗണ്‍സിലര്‍മാരുടെ എണ്ണം 25 ല്‍ അധികമാണ്. സ്ഥാനമോഹികളെ തൃപ്തിപ്പെടുത്താന്‍ ചോദിക്കുന്നവര്‍ക്കെല്ലാം പദവികള്‍ നല്‍കുന്ന കീഴ്‌വഴക്കം. ജില്ലയില്‍ അഹമ്മദ് ഷെരീഫിന്റെ കസേരയും സംസ്ഥാനത്ത് ടി. നസിറുദ്ദീന്റെ കസേരയും ഭദ്രമാവണം. സംഘടനയും ഭരണഘടനയും പിന്നത്തെകാര്യം എന്നതാണ് വ്യാപാരി നേതൃത്വത്തിന്റെ നിലപാട്. വരിസംഖ്യയും പിരിവും നല്‍കാന്‍ ഇങ്ങനെയൊരു സംഘടനയുടെ ആവശ്യമുണ്ടോയെന്ന് വ്യാപാരികളില്‍ പലരും ചോദിച്ചുതുടങ്ങിയിട്ടുണ്ട്.

Post a Comment

0 Comments