ബസ്റ്റാന്റില്‍തന്നെ മാലിന്യം സംസ്‌ക്കരിച്ച് പുതുചരിത്രമെഴുതാന്‍ രമേശന്‍


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ പുതിയ ചരിത്രമെഴുതാന്‍ തയ്യാറെടുക്കുന്നു.
ആലാമിപ്പള്ളിയിലെ നഗരസഭാ ബസ്റ്റാന്റില്‍തന്നെ മാലിന്യം സംസ്‌ക്കരിക്കാനുള്ള പുതിയചരിത്രത്തിനാണ് നഗരസഭ തയ്യാറെടുക്കുന്നത്. ചെയര്‍മാന്‍ന്മാരുടെ ചെയര്‍മാനായ വി.വി.രമേശന് ഇതോടെ ഒരുബഹുമതികൂടിയാവും. ബസ്റ്റാന്റില്‍തന്നെ മാലിന്യം സംസ്‌ക്കരിക്കുന്ന കേരളത്തിലെ ഏക നഗരസഭ എന്ന ബഹുമതിയാവും ചെയര്‍മാന്‍ന്മാരുടെ ചെയര്‍മാനായ വി.വി.രമേശന് ലഭിക്കുക.
നഗരസഭാപരിധിയിലെ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ നഗരസഭയിലെ ആറ് കേന്ദ്രങ്ങളില്‍ സ്ഥാപിക്കാന്‍ ആറ് എയ്‌റോ ബിക്ബിന്‍ വാങ്ങാന്‍ നഗരസഭാ നേരത്തെ തീരുമാനം എടുത്തിരുന്നു. ആറ് സ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ ജില്ലാ പ്ലാനിംഗ് കമ്മീഷന്‍ സാങ്കേതിക അനുമതിയും നല്‍കി. എന്നാല്‍ കഴിഞ്ഞ നഗരസഭാ കൗണ്‍സില്‍യോഗത്തില്‍ ആറ് എയ്‌റോ ബിക്ബിനുകളും ആലാമിപ്പള്ളി ബസ്റ്റാന്റില്‍ തന്നെ സ്ഥാപിക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ്. മറ്റ് സ്ഥലങ്ങളില്‍ മാലിന്യം സംസ്‌ക്കരിച്ചാല്‍ പ്രാദേശികമായി ഉണ്ടാവാനിടയുള്ള എതിര്‍പ്പിനെ മറികടക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് ബി.ജെ.പി കൗണ്‍സിലര്‍മാരും പ്രതിപക്ഷ കൗണ്‍സിലര്‍മാരും ശക്തമായി എതിര്‍ത്തിട്ടും അവയെല്ലാം അവഗണിച്ചുകൊണ്ട് മാലിന്യസംസ്‌ക്കരണം നഗരസഭാ ബസ്റ്റാന്റില്‍തന്നെ നടത്താന്‍ തീരുമാനമെടുക്കാന്‍ കാരണമെന്നാണ് കരുതുന്നത്. 20 ലക്ഷം രൂപ മുടക്കിയാണ് എയ്‌റോ ബിക്ബിനുകള്‍ സ്ഥാപിക്കുന്നത്. ഇതിനുള്ള ഷെഡ്ഡ് നേരത്തെതന്നെ നിര്‍മ്മിച്ചിട്ടുണ്ട്. ഈ ഷെഡ്ഡ് എന്തിന് നിര്‍മ്മിക്കുന്നുവെന്ന് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്കോ മറ്റ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കോ മുമ്പ് മനസ്സിലായില്ല. സാധാരണ നഗരസഭകളില്‍ കൗണ്‍സിലില്‍ തീരുമാനമെടുത്താണ് വികസനകാര്യങ്ങളും ഭരണകാര്യങ്ങളും നടത്തുന്നത്. കാഞ്ഞങ്ങാട് നഗരസഭയില്‍ ചെയര്‍മാന്‍ സ്വന്തം തീരുമാനപ്രകാരം കാര്യങ്ങള്‍ ചെയ്യും. പിന്നീട് കൗണ്‍സിലില്‍ അനുമതിവാങ്ങുകയാണ് പതിവ്.
കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതും ആലാമിപ്പള്ളി ബസ്റ്റാന്റിന്റെ പടിഞ്ഞാര്‍ഭാഗത്ത് ഇന്‍ഡോര്‍സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണം തുടങ്ങിയതും ഇത്തരത്തിലാണ്. എയ്‌റോ ബിക്ബിനുകള്‍ സ്ഥാപിക്കാനുള്ള ഷെഡ്ഡ് നിര്‍മ്മിച്ചതും ഇപ്രകാരമാണ്. ജനസാന്ദ്രതയും നിരവധി സ്ഥാപനങ്ങളുമുള്ള ആലാമിപ്പള്ളി ബസ്റ്റാന്റില്‍ മാലിന്യസംസ്‌ക്കരണം നടത്തുന്നത് അന്തരീക്ഷമലിനീകരണവും ദുര്‍ഗന്ധവും ഉണ്ടാവുമെന്നുറപ്പാണ്. തന്നെയുമല്ല ബസ്റ്റാന്റിന്റെ ആവശ്യത്തിനാണ് നഗരസഭ ആലാമിപ്പള്ളിയില്‍ വിവിധ ഭൂ ഉടമകളില്‍ നിന്നും ഭൂമി ഏറ്റെടുത്തത്. ഇവിടെ മാലിന്യസംസ്‌ക്കരണം നടത്താനും ഇന്‍ഡോര്‍‌സ്റ്റേഡിയം നിര്‍മ്മിക്കാനും സാങ്കേതികമായ തടസ്സങ്ങളുണ്ട്. പരിസരവാസികള്‍ കോടതിയെ സമീപിച്ചാല്‍ പണം ചിലവാക്കി നഗരസഭ പിന്നാലെ പോകേണ്ടിവരും. കോടതി ഇത് അംഗീകരിക്കാനുള്ള സാധ്യതയും വിരളമാണ്.

Post a Comment

0 Comments