അധോലോകരാജാവ് രവിപൂജാരിയെ കാസര്‍കോട് പോലീസ് കസ്റ്റഡിയില്‍ വാങ്ങും


ബാംഗ്ലൂര്‍: അധോലോക കള്ളക്കടത്ത് തലവന്‍ രവി പൂജാരിയെ ബാംഗ്ലൂരിലെത്തിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സെനഗലില്‍ പിടിയിലായ രവി പൂജാരിയെ ആദ്യം ഡല്‍ഹിയിലെത്തിച്ചു. ഇന്ന് പുലര്‍ച്ചയോടെ മറ്റൊരു വിമാനത്തില്‍ രവി പൂജാരിയെ ബാംഗ്ലൂരിലേക്ക് കൊണ്ടുവരികയായിരുന്നു.
രവി പൂജാരിയെ ബേവിഞ്ച വെടിവെപ്പ് കേസില്‍ കാസര്‍കോട് പോലീസും കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പുകേസില്‍ കൊച്ചി പോലീസും കസ്റ്റഡിയില്‍ വാങ്ങും. കൊലപാതകം ഉള്‍പ്പടെ 200 ഓളം കേസുകളില്‍ പ്രതിയാണ് രവി പൂജാരി. നീണ്ട 15 വര്‍ഷക്കാലത്തോളം രവി പൂജാരി ഒളിവിലായിരുന്നു. രവി പൂജാരയ്ക്ക് എതിരേ കര്‍ണാടകയില്‍ 79 കേസുകളുണ്ട്. ഇതില്‍ 39 എണ്ണം മംഗലാപുരത്താണ്. കൊലപാതകം, സാമ്പത്തീക തട്ടിപ്പ്, മനുഷ്യക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, അക്രമം തുടങ്ങിയകേസുകളാണുള്ളത്.
ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെ കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലേയും സെനഗലിലേയും പോലീസ് ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് പൂജാരിയെ പിടികൂടിയത്. ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കര്‍ണാടക പൊലീസ് സംഘവും റോയുടെ ഉദ്യോഗസ്ഥരും ഇന്നലെ സെനഗലിലെത്തിയിരുന്നു. രണ്ടുവര്‍ഷം മുമ്പുവരെ ആസ്‌ട്രേലിയയില്‍ കഴിയുകയായിരുന്ന പൂജാരി പിന്നീട് സെനഗലില്‍ എത്തി. കഴിഞ്ഞ ജനുവരിയില്‍ സെനഗലില്‍ പിടിയിലായ പൂജാരി ജാമ്യം നേടിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുകയായിരുന്നു.
ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനഫാസോയിലെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ആന്റണി ഫെര്‍ണാണ്ടസ് എന്ന വ്യാജ പേരിലാണ് പൂജാരി ആഫ്രിക്കയില്‍ കഴിഞ്ഞിരുന്നത്. ഇന്ത്യയില്‍ ഇയാള്‍ക്കെതിരെ കൊലക്കേസുകള്‍ അടക്കം ഇരുന്നൂറിലേറെ കേസുകളുണ്ട്. അടുത്തിടെ കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവയ്പ് കേസിലും പൂജാരിക്ക് പങ്കുണ്ട്. കര്‍ണാടക സ്വദേശിയായ പൂജാരി അധോലോക കുറ്റവാളികളായ ഛോട്ടാ രാജന്‍, ദാവൂദ് ഇബ്രാഹിം എന്നിവര്‍ക്ക് വേണ്ടിയാണ് പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്.

Post a Comment

0 Comments