കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിക്ക് പുതുജീവന്‍


കാഞ്ഞങ്ങാട്:നവീകരിച്ച കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയും ചുമര്‍ ചിത്രങ്ങളും നാളെ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്യും.
ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അധ്യക്ഷനാകും. കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയില്‍ എ.സി സൗകര്യവും അന്താരാഷ്ട്ര നിലവാരത്തിലുള്ള ലൈറ്റിങ് സൗകര്യവും അഞ്ഞൂറോളം ചിത്രങ്ങള്‍ ശേഖരിച്ച് വെക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുകയാണ്. വലിയ മുപ്പത് ചിത്രങ്ങള്‍ സജ്ജീകരിക്കാനുള്ള സൗകര്യങ്ങളാണ് ഗാലറിക്കുള്ളില്‍ ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങളുടെ വലിപ്പം കുറവാണങ്കില്‍ നാല്‍പ്പത്തിയഞ്ച് ചിത്രങ്ങള്‍ വരെ ഇവിടെ പ്രദര്‍ശിപ്പിക്കാവുന്നതാണ്. ഗാലറിയോട് ചേര്‍ന്ന നഗരസഭയുടെ പരിധിയില്‍ വരുന്ന കെട്ടിടത്തിന്റെ ചുമരില്‍ മൂന്ന് ഖണ്ഡങ്ങളായി ഏഴ് ചിത്രകാരന്മാര്‍ ഒരുക്കിയ കേരളീയ ചുമര്‍ചിത്ര രീതിയിലുള്ള ചിത്രങ്ങളും ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. കാഞ്ഞങ്ങാടിന്റെ ഭൂതകാലം പറയുന്ന ചിത്രങ്ങള്‍ പുതുതലമുറയ്ക്ക് കൗതുകമാകും. ഉത്തര കേരളത്തിന്റെ അറിവിന്റെ കേന്ദ്രമായിരുന്ന വിജ്ഞാന ദായിനി വായനശാലയാണ് ഒരുഖണ്ഡം. നമ്മുടെ നാടിന്റെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റേയും നവോത്ഥാനത്തിന്റേയുമെല്ലാം വിത്തുപാകിയ, വിദ്വാന്‍ പി.കേളുനായരും സംഘവും തുടങ്ങിയ വായനശാല പിന്നീട് കുട്ടമത്തും കെ.മാധവനും പഠിച്ചിറങ്ങിയ സംസ്‌കൃത വിദ്യാലയവും പിന്നീട് അത് ദേശീയ വിദ്യാലയവും ആയിതീര്‍ന്നു. വിജ്ഞാനദായിനി വായനശാലയുടെ പഴയ മാതൃകയാണ് ചുമര്‍ ചിത്രമായി ആര്‍ട്ട് ഗാലറി പരിസരത്തെ അലങ്കരിക്കുക. വാക്കായും വരയായും ചുമരില്‍ നിറഞ്ഞു നില്‍ക്കുന്ന അടുത്ത ഖണ്ഡം കാടകം സമരമാണ്. കാട്ടിലെ വിഭവങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അതിനെ ചോദ്യം ചെയ്ത് സ്ത്രീകള്‍ രംഗപ്രവേശം ചെയ്ത കാടകം സമരം. കേരള ചരിത്രത്തിലെ രക്തരൂക്ഷിതമായ കയ്യൂര്‍ സമരവും തീവ്രതയേതും ചോര്‍ന്നുപോകാതെ അടുത്ത ഖണ്ഡമായി വാക്കായും വരയായും ചുമരില്‍ നിറഞ്ഞിരിക്കുന്നു. പുതു തലമുറയ്ക്ക് നാടിന്റെ ഇന്നലെകളെക്കുറിച്ച് അറിവ് പകരുന്ന വിധത്തിലാണ് ഈ ചുമര്‍ ചിത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
ആറ് ലക്ഷം രൂപ ഇതിനോടകം തന്നെ ആര്‍ട്ട് ഗാലറി നവീകരണത്തിനായി ചിലവഴിച്ചു കഴിഞ്ഞു. ഇനിയും പ്രവര്‍ത്തനങ്ങള്‍ പരിഗണനയിലാണെന്നും ലളിതകലാ അക്കാദമി വൈസ് ചെയര്‍മാന്‍ എബി.എന്‍.ജോസഫ് പറഞ്ഞു.

Post a Comment

0 Comments