പെണ്‍വാണിഭ റാക്കറ്റിനെതിരെ അന്വേഷണം വ്യാപിപ്പിച്ചു


കാസര്‍കോട്: കര്‍ണ്ണാടകയില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തില്‍ പെണ്‍വാണിഭത്തിനെത്തിക്കുന്ന റാക്കറ്റിനെതിരെ അന്വേഷണം വ്യാപിപ്പിച്ചു. കര്‍ണ്ണാടക ചിക്ക്മംഗളൂരു സ്വദേശിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പോലീസ് തുടര്‍ അന്വേഷണം ശക്തമാക്കിയതോടെയാണ് സംസ്ഥാനത്ത് സ്വാധീനമുറപ്പിച്ച അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
2019 ഫെബ്രുവരിയില്‍ ചിക്കമംഗളൂരു പെണ്‍കുട്ടിയെ കോഴിക്കോട് പൊയിലിലെ റിസോര്‍ട്ടില്‍ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് റിസോര്‍ട്ട് ഉടമയുള്‍പ്പെടെ നാലു പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍വാണിഭത്തിനായി കര്‍ണ്ണാടകയില്‍ നിന്ന് പെണ്‍കുട്ടികളെ കേരളത്തിലെത്തിക്കുന്ന സംഘത്തിന്റെ വയനാട്ടിലെ ഏജന്റ് വയനാട് മടക്കിമല സ്വദേശി ടി.കെ. ഇല്യാസിനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് അന്തര്‍ സംസ്ഥാന റാക്കറ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത്.
പെണ്‍കുട്ടിയെ കക്കാടം പൊയിലിലെ റിസോര്‍ട്ടിലെത്തിക്കുന്നതിന് മുമ്പ് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ റിസോര്‍ട്ടുകളില്‍ എത്തിക്കുകയും നൂറോളം പേര്‍ പീഡിപ്പിക്കുകയും ചെയ്തുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ചിക്കമംഗളൂരു പെണ്‍കുട്ടിയെ കൂടാതെ കര്‍ണ്ണാടകയില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെ കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ താമസിപ്പിച്ച് ചിക്കമംഗളൂരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് തെളിഞ്ഞതോടെ കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകാനുള്ള സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.

Post a Comment

0 Comments