അഖണ്ഡതാള വിസ്മയം തീര്‍ത്ത് ജഗദീശന്‍


കാഞ്ഞങ്ങാട്: വെള്ളിക്കുന്നത്തമ്മ ഭഗവതി കാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഉദയാസ്തമന ഭജന പരിപാടിയില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ തുടര്‍ച്ചയായി 12 മണിക്കൂര്‍ തബല വാദനം നടത്തി റെക്കോഡ് നേട്ടത്തിനരികെ ചെന്നെത്തിയ ജഗദീശന്റെ താള വിസ്മയം ശ്രോതാക്കള്‍ക്ക് നവ്യാനുഭവമായി.
ഭക്തമാനസത്തെ ആവേശത്തിരയിലെത്തിച്ച ദാദിറ, കേര്‍വ, ജപ് താളങ്ങളുടെ ദ്രുത ചലനം ഏവരെയും താള ലഹരിയുടെ ഉഛസ്ഥായിയിലെത്തിച്ചു. പ്രശസ്ത തബലിസ്റ്റ് കാസര്‍കോട്ടെ രാമകൃഷ്ണനാണ് കുശാല്‍ നഗറില്‍ താമസിക്കുന്ന കെ.ജഗദീശന്റെ ഗുരുനാഥന്‍.
പ്രശസ്ത ഗായകരോടൊപ്പം നിരവധി വേദികളില്‍ തബല വാദനയില്‍ തന്റേതായ വൈദഗ്ദ്ധ്യം തെളിയിച്ച ജഗദീഷാണ് ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവും, ജനകീയ സംഗീതജ്ഞനുമായ വെള്ളിക്കോത്ത് കെ.വിഷ്ണുഭട്ടിന്റെ ഭക്തിഗാനസുധയ്ക്ക് തബല കൈകാര്യം ചെയ്യുന്നത്.
കാഞ്ഞങ്ങാട് നഗരത്തിലെ ഓട്ടോറിക്ഷാ തൊഴിലാളി കൂടിയായ ജഗദീശന്‍ സംഗീതജഞനും, പാരമ്പര്യ വൈദ്യനുമായ സിദ്ധാര്‍ത്ഥിന്റെയും, കെ.ശ്രീമതിയുടെയും മകനാണ്. ഭാര്യ ഷൈനി. മക്കള്‍: യദുനന്ദനന്‍, ശിവനന്ദന ഇരുവരും ഹോസ്ദുര്‍ഗ്ഗ് യു.ബി. എം.സി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.
ക്ഷേത്രാങ്കണത്തില്‍ ക്ഷേത്രഭജന സമിതി ടിം ലീഡര്‍ രവീന്ദ്രന്‍ പുതിയകണ്ടം ജഗദീശനെ അനുമോദിച്ചു.

Post a Comment

0 Comments