നീലേശ്വരം: നീലേശ്വരം പൂവാലങ്കൈ റോഡില്‍ നിക്ഷേപിച്ച മാലിന്യം നീക്കാത്തതില്‍ പ്രതിഷേധിച്ച് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനേയും കൗണ്‍സിലറേയും നാട്ടുകാര്‍ ഒരുമണിക്കൂറോളം ബന്ദികളാക്കി. ഒടുവില്‍ നീലേശ്വരം എസ്.ഐ സതീഷ്കുമാറും സംഘവും എത്തിയശേഷമാണ് ഇവരെ മോചിപ്പിച്ചത്.
ഇന്നലെ രാത്രി 7 മണിയോടെയാണ് നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്, കൗണ്‍സിലര്‍ കെ.വി.സുധാകരന് എന്നിവരെ നാട്ടുകാര്‍ തടഞ്ഞുവെച്ചത്. ഇന്നലെ രാവിലെ പൂലാങ്കൈ റോഡരികില്‍ ഇറച്ചിഅവശിഷ്ടങ്ങള് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അജ്ഞാതര്‍ നിക്ഷേപിച്ചിരുന്നു. സംഭവം നാട്ടുകാര്‍ തത്സമയം തന്നെ നഗരസഭ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ വൈകുന്നേരമായിട്ടും ഇവ നീക്കം ചെയ്യാന്‍ നഗരസഭ അധികൃതര്‍ തയ്യാറായില്ല. ഇതിനെതിരെ നാട്ടുകാരില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സമയത്താണ് ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് തോട്ടത്തില്‍ കുഞ്ഞിക്കണ്ണനും കൗണ്‍സിലര്‍ കെ.വി.സുധാകരനും ഇതുവഴിവന്നത്. ഇതോടെയാണ് രോക്ഷാകുലരായ നാട്ടുകാര്‍ ഇരുവരെയും തടഞ്ഞുവെച്ചത്. മാലിന്യം നീക്കംചെയ്യാതെ ഇരുവരെയും പോകാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നാണ് എസ്.ഐ സതീഷ്കുമാറും സംഘവും സ്ഥലത്തെത്തിയത്. എസ്.ഐ നാട്ടുകാരുമായി അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും മാലിന്യം നീക്കം ചെയ്യാതെ പിരിഞ്ഞുപോകില്ലെന്ന് നാട്ടുകാര്‍ തറപ്പിച്ച് പറഞ്ഞു. ഒടുവില്‍ രാത്രിക്കുള്ളില്‍ തന്നെ മാലിന്യം നീക്കുമെന്ന് കൗണ്‍സിലര്‍മാര്‍ ഉറപ്പുനല്‍കിയതോടെയാണ് നാട്ടുകാര്‍ ശാന്തരായത്. തുടര്‍ന്ന് ഇന്നലെ രാത്രിതന്നെ മുനിസിപ്പല്‍ ശുചീകരണവിഭാഗക്കാറെത്തി മാലിന്യം നീക്കം ചെയ്തു.
0 Comments