ബി.വസന്ത ഷേണായി അന്തരിച്ചു


പുല്ലൂര്‍: അവിഭക്ത പുല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റും കാഞ്ഞങ്ങാട് ലക്ഷ്മി വെങ്കിടേശ ക്ഷേത്ര മാനേജിംഗ് ട്രസ്റ്റിയും ഉദയനഗര്‍ ഹൈസ്‌കൂള്‍ പ്രഥമഅധ്യാപകനുമായിരുന്ന പുല്ലൂരിലെ ബി.വസന്തഷേണായി മാസ്റ്റര്‍ (94) നിര്യാതനായി.
ഇന്ന് രാവിലെ ഏഴരയോടെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതിക ശരീരം ഉച്ചയോടെ മേലാങ്കോട്ടെ സമുദായശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. ഹോസ്ദുര്‍ഗ് കന്നഡസംഘം പ്രസിഡന്റ്, നീലേശ്വരം ജനത കലാസമിതി സ്ഥാപക പ്രസിഡന്റ്, കാസര്‍കോട് ഷേണായ് ഫാമിലി വെല്‍ഫേര്‍ ട്രസ്റ്റ് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്‌കൂളിന്റെ സ്ഥാപകനാണ്. ഒട്ടേറെ കൃതികള്‍ കന്നഡയില്‍ നിന്ന് മലയാളത്തിലും തിരിച്ചും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 1953 മുതല്‍ 1962 വരെയാണ് ഷേണായി മാസ്റ്റര്‍ പഞ്ചായത്ത് ഭരണസാരഥ്യം ഏറ്റെടുത്തത്. ഒരു അനാദികടയില്‍ ഒതുങ്ങിയ ചരള് പിന്നീട് പുല്ലൂരായതും കോളോപ്പാറയും കണ്ണാങ്കോട്ട പാറയും മാറ്റി ഉദയനഗറാക്കിയതും വസന്തഷേണായിയുടെ ഭരണകാലത്താണ്. തപാലാപ്പീസ് അനുവദിച്ചപ്പോള്‍ സര്‍ക്കാര്‍ രേഖകളിലേക്കായി പുല്ലൂരില്‍ ഹരിപുരം എന്ന സ്ഥലനാമം പിറന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇദ്ദേഹവും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ്.
മുന്‍ മന്ത്രിമാരായ കെ.ചന്ദ്രശേഖരന്റെയും എന്‍.കെ.ബാലകൃഷ്ണന്റെയും സഹപ്രവര്‍ത്തകനായിരുന്നു. അവര്‍ക്കൊപ്പം ചേര്‍ന്ന് പൊതുജീവിതം നയിച്ച ഷേണായി മാസ്റ്ററുടെ ഭരണകാലത്താണ് അമ്പലത്തറ, ചാലിങ്കാല്‍ സ്‌ക്കൂളുകള്‍ അനുവദിച്ചത്. ഉദയനഗറിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനത്തിന് വി.വി.ഗിരിയെത്തിയതും മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപ്പിള്ള ഉള്‍പ്പെടെ എത്തിയതും നാടിന്റെ നാടിന്റെ ചരിത്രമായി. ശ്രീസുധീന്ദ്ര സേവാമണ്ഡല്‍ സ്ഥാപക പ്രസിഡന്റുമായിരുന്നു. കേരള ഗൗഡസാരസ്വത ബ്രാഹ്മണസഭയുടെ ഉത്തരമേഖല പ്രസിഡന്റായും കേരള കൊങ്കണി അക്കാദമി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതൃഭാഷയായ കൊങ്കണിയുടെയും ഗൗഡസാരസ്വത ബ്രാഹ്മണസമുദായത്തിന്റെയും ഉന്നമനത്തിന് ഏറെ പ്രവര്‍ത്തിച്ചു. ഭാര്യ: പരേതയായ ലക്ഷ്മീദേവി, മക്കള്‍: സംഗീത ഡി റാവു (മാതമംഗലം), പത്മ ആര്‍ കിണി(ബാംഗ്ലൂര്‍), ദിനേഷ് ഷേണായി, ശ്രീലത ഷാന്‍ബാഗ്, പരേതരായ രമേഷ് ഷേണായി, സതീഷ് ഷേണായി. മരുമക്കള്‍: രവീന്ദ്രനാഥ് കിണി(ബാംഗ്ലൂര്‍), നന്ദിനി ഷേണായി, സുരേഷ് ഷാന്‍ബാഗ്. സഹോദരങ്ങള്‍: പരേതരായ നരസിംഹ ഷേണായി, ഗോപാലകൃഷ്ണ ഷേണായി, സുഭദ്ര, ഉത്തര, പ്രേമ.
പരേതനോടുള്ള ആദരസൂചകമായി ഉദയനഗര്‍ സ്‌കൂളിന് അവധിനല്‍കി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി.അബ്ദുള്ളാകുട്ടി അടക്കമുള്ള നേതാക്കള്‍ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Post a Comment

0 Comments