കൊച്ചി: പെരിയ ക ല്യോട്ടെ കൃപേഷിന്റെയും ശരത് ലാലിന്റെയും ഇരട്ടക്കൊലപാതകകേസ് അട്ടിമറിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിക്കുന്നുവെന്നാരോപിച്ച് മാതാപിതാക്കളും ബന്ധുക്കളും സിബിഐ ഓഫീസിനു മുന്നില്‍ സത്യാഗ്രഹം ആരംഭിച്ചു.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ഒക്ടോബര്‍ 25ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ അന്വേഷണം തുടങ്ങിയതാണ്. എന്നാല്‍ ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടിയതാണെന്നും ഇനി കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യം ഇല്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.
കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മിന്റെ പ്രമുഖ നേതാക്കളുടെ ഗൂഡാലോചന ഉണ്ടെന്നും ഇത് കണ്ടെത്തണമെന്നുമാണ് ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കളുടെ ആവശ്യം. ഇതില്‍ ഇതുവരെ വിധി വരാത്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തിലും പുരോഗതി ഉണ്ടായില്ല.
ഇതോടെയാണ് ഇരുവരുടേയും കുടുംബം സിബിഐ ഓഫീസിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചത്. കഴിഞ്ഞ 2019 ഫെബ്രുവരിയിലാണ് ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.
0 Comments