തസ്ലീം വധം: മതമേധാവിയെ കര്‍ണ്ണാടകയില്‍ ചോദ്യം ചെയ്യുന്നു


കാസര്‍കോട്: ചെമ്പരിക്കയിലെ ഡോണ്‍ തസ്ലീമിനെ കര്‍ണ്ണാടകയിലെ കലബുറഗി നെഗോലിയില്‍വെച്ച് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ജില്ലയിലെ ഒരു പ്രമുഖ മതമേധാവിയെ കര്‍ണ്ണാടക പോലീസ് ചോദ്യം ചെയ്യുന്നു. ഒട്ടേറെ കവര്‍ച്ചാകേസുകള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയായ തസ്ലീം കര്‍ണ്ണാടകയിലെ ഒരു ജ്വല്ലറി കവര്‍ച്ചാകേസുമായി ബന്ധപ്പെട്ട് ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങി സഹോദരനോടൊപ്പം ചെമ്പരിക്കയിലേക്ക് വരുമ്പോഴാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
തസ്ലീമിന്റെ കൊലപാതകത്തിന് പിന്നില്‍ കാസര്‍കോട്ടെ ഗുണ്ടാ സംഘമാണെന്ന് സൂചനയുണ്ടായിരുന്നു. തസ്ലീമിന്റെ നേതൃത്വത്തില്‍ നേരത്തെ നടത്തിയ ഒരു കൊലപാതകത്തിന് പിന്നില്‍ ഇപ്പോള്‍ കര്‍ണാടക പോലീസ് ചോദ്യം ചെയ്യുന്ന മതമേധാവിക്ക് ബന്ധമുണ്ടെന്നാണ് സംശയം. ജില്ലയിലെ ഒരു പ്രമുഖന്റെ കൊലപാതകത്തിന് പിന്നില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തസ്ലീമിന് പങ്കുണ്ടെന്നാണ് സൂചന. ഈ കൃത്യം നടത്താന്‍ തസ്ലീമിന് ക്വട്ടേഷന്‍ നല്‍കിയത് മതമേധാവിയാണെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. കര്‍ണ്ണാടകയിലെ ജ്വല്ലറി കവര്‍ച്ചാകേസില്‍ പ്രതിയായ തസ്ലീമിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ കൊലപാതക വിവരങ്ങള്‍ വെളിപ്പെടുത്തുമോ എന്ന ആശങ്കയില്‍ തസ്ലീമിനെ വകവരുത്താന്‍ മതമേധാവിയും കൂട്ടുനിന്നു എന്നാണ് സംശയിക്കുന്നത്.

Post a Comment

0 Comments