തന്റെ രോഗാവസ്ഥയെകുറിച്ച് തുറന്നുപറഞ്ഞ് കോടിയേരി


തിരുവനന്തപുരം: തന്നെ ബാധിച്ച ക്യാന്‍സര്‍ രോഗത്തെക്കുറിച്ച് മനസുതുറന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ക്യാന്‍സര്‍ രോഗ ബാധിതനാണെന്ന കാര്യം താന്‍ വളരെ അവിചാരിതമായാണ് മനസിലാക്കിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍ വെളിപ്പെടുത്തി. ഉപതിരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്നപ്പോള്‍ യാദൃശ്ചികമായി നടത്തിയ ഒരു പരിശോധനയിലാണ് തന്നെ പാന്‍ക്രിയാറ്റിക്ക് ക്യാന്‍സര്‍ രോഗം ബാധിച്ചിരിക്കുന്നതായി മനസിലാക്കിയതെന്നും എന്നാല്‍ അത് സംബന്ധിച്ച് യാതൊരു അസ്വസ്ഥതകളും തനിക്ക് തോന്നിയിരുന്നില്ലെന്നും അദ്ദേഹം മനസുതുറന്നു.
ഒരു സ്വകാര്യ ചാനലുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. രോഗസമയത്ത് പാര്‍ട്ടി തന്റെയൊപ്പം നിന്നുവെന്നും ക്യാന്‍സര്‍ വന്നുവെന്ന് വെച്ച് കരഞ്ഞുകൊണ്ടിരിക്കാന്‍ പറ്റില്ലെന്നും അത് നേരിടുക തന്നെ വേണമെന്നും കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അതിനാലാണ് താന്‍ വിദഗ്ദ ചികിത്സ തേടാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബിനോയിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും അഭിമുഖത്തിനിടെ അദ്ദേഹം മറുപടി നല്‍കുകയുണ്ടായി. ജീവിതത്തില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ സംഭവിക്കുമെന്നും കുടുംബമാകുമ്പോള്‍ അതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ഉണ്ടാകുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുമെന്നും അങ്ങനെ നേരിടാനുള്ള കരുത്തില്ലെങ്കില്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ല എന്നും കോടിയേരി ചൂണ്ടിക്കാട്ടി. ഓരോ പ്രശ്‌നങ്ങളും ഉണ്ടാകുമ്പോള്‍ അത് കൈകാര്യം ചെയ്യണമെന്നും അതില്‍ തന്നെ കെട്ടുപിണഞ്ഞ് നില്‍ക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ക്ക് മുമ്പില്‍ പതറിപോയാല്‍ ഏത് പ്രശ്‌നത്തിന് മുമ്പിലും പതറിപോകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
രോഗം വന്ന സമയത്ത് തനിക്ക് ഏറ്റവും വലിയ പ്രചോദനം നല്‍കിയത് പാര്‍ട്ടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും തന്നെ ഒരുപാട് പിന്തുണച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ എതിര്‍പക്ഷത്തില്‍ നില്‍ക്കുന്ന നേതാക്കളും തന്നോട് സ്‌നേഹപൂര്‍വ്വം പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥിരമായി തന്റെ സുഖവിവരം അന്വേഷിച്ചിരുന്നുവെന്നും കോടിയേരി പറഞ്ഞു.
താന്‍ രോഗാവസ്ഥയിലായിരുന്ന സമയത്ത് നടനും മുന്‍ എം.പിയുമായിരുന്ന ഇന്നസെന്റും ഭാര്യയും ഉള്‍പ്പെടെ നിരവധി പേര്‍ തന്നെ കാണാന്‍ വന്നിരുന്നുവെന്നും അത് തനിക്ക് രോഗത്തെ നേരിടാനുള്ള ആത്മവിശ്വാസം നല്‍കിയെന്നും അദ്ദേഹം തുറന്നു പറയുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ക്യാന്‍സര്‍ രോഗത്തെ നേരിടാന്‍ ആത്മധൈര്യമാണ് പ്രധാനമെന്ന് താന്‍ മനസിലാക്കിയെന്നും കോടിയേരി പറഞ്ഞു.
ചികിത്സയുടെ ഭാഗമായി ആദ്യമായി കീമോതെറാപ്പി ചെയ്തപ്പോള്‍ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. പാര്‍ശ്വഫലങ്ങള്‍ ഉണ്ടായി. ശരീരത്തിലെ സോഡിയം കുറഞ്ഞുപോയി. അതിന്റെ ഫലമായി ഐ.സി.യുവില്‍ തന്നെ മൂന്ന് നാല് ദിവസം കിടക്കേണ്ടി വന്നു. ഇങ്ങനെ ഒറ്റപ്പെട്ട ഒരു സ്ഥലത്ത് കിടക്കേണ്ടി വന്നപ്പോള്‍ മാനസിക സംഘര്‍ഷം അനുഭവപ്പെട്ടിരുന്നു. ആ സമയം അവിടുത്തെ മലയാളികളായ നഴ്‌സുമാര്‍ വലിയ ആശ്വാസമാണ് നല്‍കിയത്. അവരും ആശുപത്രിയിലെ മറ്റ് ജീവനക്കാരും ഒരുപാട് പ്രചോദനം നല്‍കി. രോഗത്തെ അതിജീവിക്കാനുള്ള കരുത്ത് നേടാന്‍ അത് സഹായിച്ചു കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Post a Comment

0 Comments