കെട്ടിടം നഗരസഭയുടേത്; ലക്ഷങ്ങള്‍ മുടക്കി നവീകരിച്ചത് ലളിതകലാഅക്കാദമി


കാഞ്ഞങ്ങാട്: നഗരസഭയുടെ അധീനതയിലുള്ള കെട്ടിടം കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ലളിതകലാ അക്കാദമി ലക്ഷങ്ങള്‍ മുടക്കി നവീകരിച്ചതില്‍ ദുരൂഹത.
നിലവില്‍ ആര്‍ട്ട് ഗ്യാലറി പ്രവര്‍ത്തിക്കുന്ന ഹോസ്ദുര്‍ഗ് ടൗണ്‍ഹാളിന് സമീപത്തെ കെട്ടിടം നഗരസഭയുടേതാണ്. മുമ്പ് ഇവിടെ മുനിസിപ്പല്‍ ലൈബ്രറിയും കുടുംബശ്രീ ഓഫീസുമാണ് പ്രവര്‍ത്തിച്ചിരുന്നത്. കാസര്‍കോട് ജില്ലയ്ക്ക് അനുവദിച്ച ആര്‍ട്ട് ഗ്യാലറി നഷ്ടപ്പെടാതിരിക്കാന്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ ഷരീഫ ഇബ്രാഹിം കുടുംബശ്രീ ഓഫീസും മുനിസിപ്പല്‍ ലൈബ്രറിയും ഒഴിപ്പിച്ച് ലളിതകലാഅക്കാദമിയുടെ ആര്‍ട്ട് ഗ്യാലറി തുടങ്ങാന്‍ സൗകര്യമൊരുക്കുകയായിരുന്നു. പിന്നീട് ആര്‍ട്ട് ഗ്യാലറി അവിടെനിന്നും ഒഴിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമായി. ഈ കെട്ടിടമാണ് ലളിതകലാ അക്കാദമി ലക്ഷങ്ങള്‍ മുടക്കി നവീകരിച്ചത്.
ഹോസ്ദുര്‍ഗ് സ്മൃതിമണ്ഡപം മുതല്‍ റസ്റ്റ് ഹൗസ് വരെയുള്ള ടിബി റോഡ് മന്ത്രി ഇ.ചന്ദ്രശേഖരന്റെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് 8 മീറ്റര്‍ വീതിയില്‍ നവീകരിച്ചുകൊണ്ടിരിക്കുകയാണ്. 8 മീറ്റര്‍ തികയാന്‍ ആര്‍ട്ട് ഗ്യാലറി പ്രവര്‍ത്തിക്കുന്ന കെട്ടിടമോ എതിര്‍വശത്ത് നഗരസഭയുടെ ലോറി ഷെഡോ പൊളിച്ചുമാറ്റേണ്ടിവരും. ആര്‍ട്ട് ഗ്യാലറി പൊളിച്ചുമാറ്റിയാല്‍ അതിനെതിരെ പൊതുജനപ്രക്ഷോഭം ഉയരാനുള്ള സാധ്യത ഏറെയാണ്. ഇത് ഇ.ചന്ദ്രശേഖരന്റെ മേല്‍ ചാര്‍ത്താമെന്നാണ് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ കണക്കുകൂട്ടുന്നത്. കാഞ്ഞങ്ങാട് നഗരസഭാപരിധിയില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ കൊണ്ടുവരുന്ന എല്ലാവികസനപ്രവര്‍ത്തനങ്ങളും രമേശന്‍ തന്റെ അക്കൗണ്ടിലാക്കാറുണ്ട്. കെ.എസ്.ടി.പി റോഡ് വികസനം പോലും മുനിസിപ്പാലിറ്റിയുടെ വികസനനേട്ടമായി പൊതുപരിപാടികളില്‍ പ്രസംഗിക്കുന്നപതിവുണ്ട്. നവീകരിച്ച ആര്‍ട്ട് ഗ്യാലറിയുടെ നാളെ നടക്കുന്ന ഉദ്ഘാടനത്തിന് ചുക്കാന്‍പിടിക്കുന്നത് രമേശനാണ്.
1942 ല്‍ സൗത്ത് കാനറാ ഡിസ്ട്രിക്ട് ബോര്‍ഡ് നിര്‍മ്മിച്ചതാണ് ഇപ്പോള്‍ വിവാദത്തിലായ ആര്‍ട്ട് ഗ്യാലറി കെട്ടിടം. ഒരുകൊല്ലം മുമ്പ് ആര്‍ട്ട് ഗ്യാലറി പൊളിച്ചുനീക്കാന്‍ രമേശന്‍ നീക്കം നടത്തിയിരുന്നു. കലാകാരന്മാരുടെയും സാമൂഹ്യസംഘടനകളുടെയും ശക്തമായ എതിര്‍പ്പിനെതുടര്‍ന്നാണ് ഇത് ഉപേക്ഷിച്ചത്.
ലക്ഷങ്ങള്‍ മുടക്കാന്‍ തയ്യാറായ ലളിതകലാഅക്കാദമി സ്വന്തം കെട്ടിടം നിര്‍മ്മിക്കാതെ നഗരസഭയുടെ കെട്ടിടനവീകരണത്തിന് ലക്ഷങ്ങള്‍ മുടക്കിയതിന് പിന്നില്‍ അഴിമതിക്കുള്ള സാധ്യത ഏറെയാണ്. ആര്‍ട്ട് ഗ്യാലറിയെ തുടക്കത്തില്‍ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഇന്നത് മാറിയിട്ടുണ്ട്.

Post a Comment

0 Comments