പരാതിനല്‍കാനെത്തിയ യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു, പിന്നാലെ കേസും


നീലേശ്വരം: മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ചുവെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ കാഴ്ചവൈകല്യമുള്ള യുവാവിനെ സ്റ്റേഷന്‍ ചുമതലയിലുണ്ടായിരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വലിച്ചിഴച്ച് ലോക്കപ്പിലിട്ടു. ഇതിനിടയില്‍ സ്റ്റേഷന്‍മുറ്റത്തുണ്ടായിരുന്ന ഒരു തെരുവുനായ യുവാവിനെ അക്രമിക്കാന്‍ ശ്രമിച്ചു.
ഇന്നലെ വൈകീട്ട് 5.40 ഓടെ നീലേശ്വരം പോലീസ് സ്റ്റേഷനിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. കോട്ടപ്പുറം പുഴക്കര ഹൗസില്‍ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ പി.കെ.ഷൗക്കത്തലിയെയാണ്(43) നീലേശ്വരം സിഐ എ.എം മാത്യു പോലീസ് സ്റ്റേഷന്‍ മുറ്റത്തൂടെ വലിച്ചിഴച്ച് ലോക്കപ്പിലിട്ടത്. സിഐയുടെ ശ്രമം പോലീസുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പിന്മാറിയില്ല. പിന്നീട് കേരളാ പോലീസ് ആക്ട് 118 എ പ്രകാരം ഷൗക്കത്തലിക്കെതിരെ കേസെടുക്കുകയും ചെയ്തു. ഏതോ ലഹരിക്കടിമപ്പെട്ട് എന്നെയും ജിഡി ചാര്‍ജ് രാധാകൃഷ്ണന്‍, പാറാവുകാരന്‍ ബിജു എന്നീ പോലീസുകാരെയും എന്റെ മക്കളെയും വീട്ടുകാരെയും ചീത്തവിളിക്കുകയും ചെയ്തു എന്ന സിഐയുടെ പരാതിപ്രകാരമാണ് പോലീസ് കേസെടുത്തത്. പിന്നീട് ഇയാളെ പോലീസ് ജീപ്പില്‍തന്നെ വീട്ടില്‍കൊണ്ടുവിടുകയും ചെയ്തു.
ഒരാഴ്ച മുമ്പ് ഷൗക്കത്തലിയെ കോട്ടപ്പുറത്തുവെച്ച് ഏതാനും ചിലര്‍ അക്രമിച്ചിരുന്നു. ഇതില്‍പരിക്കേറ്റ് ഷൗക്കത്തലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തന്നെ അക്രമിച്ചത് മുസ്ലീംലീഗുകാരാണെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഷൗക്കത്ത് പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ തയ്യാറായില്ലെന്ന് ഷൗക്കത്ത് പറയുന്നു. ഇതിനുശേഷം നിരവധിതവണ പോലീസ് സ്റ്റേഷനിലെത്തി സിഐയോട് കേസെടുക്കാന്‍ ആവശ്യപ്പെട്ടിട്ടും കേസെടുത്തില്ലത്രെ. ഇതേ ആവശ്യവുമായാണ് ഇന്നലെയും ഷൗക്കത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. കേസെടുക്കാത്തതില്‍ പ്രകോപിതനായ ഷൗക്കത്തലി പോലീസ് സ്റ്റേഷന്‍ മുറ്റത്ത് ബഹളം വെച്ചപ്പോഴാണ് ഓഫീസിനകത്തുണ്ടായിരുന്ന സിഐ എ.എം മാത്യു പുറത്തേക്ക് ചാടിയിറങ്ങി ഷൗക്കത്തിനെ വലിച്ചിഴച്ച് ലോക്കപ്പിലേക്ക് കൊണ്ടുപോയത്. ഈ സമയത്താണ് സ്റ്റേഷന് പുറത്തുണ്ടായിരുന്ന തെരുവുനായ ഷൗക്കത്തിനെ കടിക്കാന്‍ ശ്രമിച്ചത്.

Post a Comment

0 Comments