ശ്രീ മടിയന്‍ കൂലോം ട്രസ്റ്റി നിയമനം: സിപിഎം നിലപാടിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു


കാഞ്ഞങ്ങാട്: ചിരപുരാതനമായ അജാനൂര്‍ ശ്രീ മടിയന്‍ കൂലോം ക്ഷേത്രത്തില്‍ രണ്ട് പാരമ്പര്യേതര ട്രസ്റ്റികളെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും നിയമനം നല്‍കാത്ത മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിക്കെതിരെ നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു.
പാരമ്പര്യ ട്രസ്റ്റിമാര്‍ക്ക് മാത്രം അവകാശമുണ്ടായിരുന്ന ശ്രീ മടിയന്‍ കൂലോത്ത് വര്‍ഷങ്ങളായി നാട്ടുകാര്‍ നടത്തിയ മുറവിളിക്ക് ശേഷമാണ് പ്രസ്തുത ട്രസ്റ്റിമാരുടെ അനുവാദത്തോട്കൂടി രണ്ട് പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കാന്‍ അനുമതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് മൂന്നാമത്തെ പാരമ്പര്യേതര ട്രസ്റ്റി നിയമനം നടത്താന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയ്യതി 2018 നവംബര്‍ മാസമായിരുന്നു. സിപിഎം അനുഭാവികളായ വി.നാരായണന്‍, കെ.വി.അശോക് കുമാര്‍ , സിപി.ഐ അനുഭാവിയായ പൂച്ചക്കാടന്‍ കുഞ്ഞമ്പു എന്നിവരാണ് അപേക്ഷ സമര്‍പ്പിച്ചത്.
നിയമനവുമായി ബന്ധപ്പെട്ട് സിപിഐ നേതാക്കള്‍ സിപിഎം ലോക്കല്‍ ഏരിയാ കമ്മറ്റികളുമായി ബന്ധപ്പെട്ടപ്പോള്‍ അനുഭാവപൂര്‍വ്വമായ മറുപടിയാണ് ലഭിച്ചത്.
2014 ല്‍ കലശോത്സവ സമയത്ത് നടന്ന ബി.ജെ.പി-സിപിഎം സംഘര്‍ത്തില്‍ പ്രതിയായ വി.നാരായണന്‍ വ്യാജ സത്യവാങ്മൂലമാണ് നല്‍കിയത്. ഈ വിവരം പുറത്തുവന്നതോടെ 2018 നവംബര്‍ 21 ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ മെമ്പര്‍ എ.അമ്പൂഞ്ഞി തടസവാദം ഉന്നയിച്ചതോടെ അജണ്ടമാറ്റിവെച്ചു. ഒരു വര്‍ഷത്തിലധികമായി പത്തിലധികം ബോര്‍ഡുകള്‍ കൂടിയിട്ടും നിയമനം നടത്താതിരുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ സപ്ലിമെന്ററി അജണ്ടയായി ചെയര്‍മാന്‍ ഈ വിഷയം അവതരിപ്പിച്ചു. മടിയന്‍ കൂലോം നിയമനവുമായി ബന്ധപ്പെട്ട് കള്ളസത്യവാങ്മൂലം നല്‍കിയ നാരായണനെ ഒഴിവാക്കി മറ്റ് രണ്ടുപേരെ നിയമിക്കണമെന്ന് സിപിഐ പ്രതിനിധി എ.അമ്പൂഞ്ഞി ശക്തമായി വാധിച്ചു. ഇതേ തുടര്‍ന്ന് നിയമനകാര്യത്തില്‍ തീരുമാനമെടുക്കാതെ ചെയര്‍മാന്‍ യോഗം പിരിച്ചുവിടുകയാണുണ്ടായത്. സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ജനാധിപത്യവിരുദ്ധ സമീപനം സ്വീകരിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരെ ശക്തമായ സമരപരിപാടികള്‍ തുടങ്ങാനുള്ള ആലോചനയിലാണ് നാട്ടുകാര്‍.

Post a Comment

0 Comments