സ്വകാര്യ ആശുപത്രി കെട്ടിടനിര്‍മ്മാണം: വിജിലന്‍സ് കസ്റ്റഡിയിലെടുത്ത ഫയലുകള്‍ കോടതിയില്‍ ഹാജരാക്കി


കാഞ്ഞങ്ങാട്: സര്‍ക്കാര്‍ നിയമങ്ങളും നഗരസഭാ ചട്ടങ്ങളും ലംഘിച്ച് കോട്ടച്ചേരിയില്‍ നിര്‍മ്മിക്കുന്ന സ്വകാര്യ ആശുപത്രിയുടെ ഫയല്‍ കോടതിയിലെത്തി.
കോഴിക്കോട് വിജിലന്‍സ് വിഭാഗം കാഞ്ഞങ്ങാട് നഗരസഭാ ഓഫീസില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഫയലാണ് കോടതിക്കയച്ചത്.
നോര്‍ത്ത് കോട്ടച്ചേരി ആകാശ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ എതിര്‍വശത്തുനിന്നും വെള്ളായിപ്പാലത്തിലേക്കുള്ള റോഡിന്റെ തെക്ക് ഭാഗത്ത് വയല്‍ മണ്ണിട്ടുനികത്തി നിര്‍മ്മിക്കുന്ന സ്വകാര്യ ആശുപത്രി കെട്ടിടം ഇതോടെ നിയമക്കുരുക്കിലായി. ഇടുക്കിയിലെ രവീന്ദ്രന്‍ പട്ടയം പോലെ കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ നിരവധി ഗണേശന്‍ പെര്‍മിറ്റുകളുണ്ട്. എം.പി.ഹസീനയുടെ ഭരണകാലത്ത് എഞ്ചിനീയര്‍ ഗണേശന് നഗരസഭാസെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലകള്‍ നല്‍കിയിരുന്നു. ഈ കാലഘട്ടത്തില്‍ പണം കൊടുത്തവര്‍ക്കെല്ലാം വാരിക്കോരി കെട്ടിടപെര്‍മിറ്റുകള്‍ നല്‍കി. ഇതുസംബന്ധിച്ച് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ കേസുണ്ട്. ഈ കേസുകളുടെ തെളിവിനുവേണ്ടിയാണ് വിജിലന്‍സ് വിഭാഗം കാഞ്ഞങ്ങാട് നഗരസഭാ ഓഫീസില്‍ നിന്നും സ്വകാര്യ ആശുപത്രിയുടെ ഫയലുകള്‍ കസ്റ്റഡിയിലെടുത്തത്.
2008 ല്‍ സംസ്ഥാനത്ത് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍വന്നു. 2013 ജനുവരി 15 നാണ് സ്വകാര്യാശുപത്രി ഉടമകള്‍ കാഞ്ഞങ്ങാട് നഗരസഭയില്‍നിന്നും കേവലം 2552 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ പെര്‍മിറ്റെടുത്തിരിക്കുന്നത്. ബല്ല വില്ലേജില്‍പ്പെട്ട 99/8, 101/2, 101/1 അ , 101/1 ആ,101/3 അ,101/3 ആ എന്നീ സര്‍വ്വേ നമ്പറുകളിലുള്ള മുക്കാല്‍ ഏക്കറോളം വയല്‍ മണ്ണിട്ടുനികത്തിയാണ് നിര്‍മ്മാണം നടത്തുന്നത്. അഞ്ച് നിലകളുള്ള ആശുപത്രിയുടെ നിര്‍മ്മാണം ഇപ്പോള്‍ അവസാനഘട്ടത്തിലാണ്.
ആശുപത്രികള്‍ സ്ഥാപിക്കാന്‍ ആറ് മീറ്റര്‍വീതിയുള്ള റോഡ് ആവശ്യമാണ്. സ്വകാര്യ വ്യക്തികള്‍ നിര്‍മ്മിക്കുന്ന ആശുപത്രിയിലേക്ക് ആറുമീറ്റര്‍ വീതിയുള്ള റോഡ് ഇല്ലാത്തതും ആശുപത്രികെട്ടിടത്തിന് കെട്ടിടനമ്പര്‍ കിട്ടാന്‍ തടസ്സമാവും.

Post a Comment

0 Comments