ക്രിമിനലുകളായ സ്ഥാനാര്‍ത്ഥികള്‍ കേസ് വിവരങ്ങള്‍ മുന്‍കൂട്ടി പരസ്യപ്പെടുത്തണം


ഡല്‍ഹി: ക്രിമിനല്‍ പശ്ചാത്തലമുള്ള എല്ലാ സ്ഥാനാര്‍ത്ഥികളുടെയും കേസ് വിവരങ്ങള്‍ 48 മണിക്കൂറിനകം എല്ലാ പാര്‍ട്ടികളും സ്വന്തം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം ഗുരുതരമായ പ്രശ്‌നമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ വിധി. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളുടെയും ക്രിമിനല്‍ റെക്കോഡ്‌സ് പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീംകോടതി കര്‍ശനനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇതേ വിവരങ്ങള്‍, പ്രാദേശിക പത്രങ്ങളിലും, ഔദ്യോഗിക വെബ്‌സൈറ്റുകളിലും സാമൂഹ്യമാധ്യമങ്ങളിലെ ഹാന്‍ഡിലുകളിലും പ്രസിദ്ധീകരിക്കണം. കേസ് വിവരങ്ങള്‍ വെറുതെ നല്‍കിയാല്‍ മാത്രം പോര, എന്ത് തരം കേസ്, ഇതുമായി ബന്ധപ്പെട്ട അന്വേഷണമോ വിചാരണയോ ഏത് ഘട്ടത്തിലാണ് എന്നതും വിശദീകരിക്കണം.
മത്സരത്തിന് ഇറങ്ങുന്ന ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കേണ്ടത് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ തന്നെയാകണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. എന്തുകൊണ്ടാണ് ഈ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തതെന്ന് പാര്‍ട്ടി ജനങ്ങളോട് പറയാനും ബാധ്യസ്ഥരാണ്.
'ജയസാധ്യത എന്നത് മാത്രമാകരുത് ഒരു സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം. പ്രത്യേകിച്ച് ഈ സ്ഥാനാര്‍ത്ഥിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെങ്കില്‍'', എന്ന് കോടതി ചൂണ്ടിക്കാട്ടി.
ഉത്തരവ് പാലിച്ചുവെന്ന് കാട്ടി എല്ലാ പാര്‍ട്ടികളും 48 മണിക്കൂറിന് ശേഷം ഉടന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കണം. കമ്മീഷന്‍, സുപ്രീംകോടതി നിര്‍ദ്ദേശിച്ച എല്ലാ വിവരങ്ങളും പാര്‍ട്ടികള്‍ പ്രസിദ്ധീകരിച്ചുവെന്ന് പരിശോധിച്ച് ഉറപ്പാക്കണം. ഇതില്‍ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ അത് കോടതിയലക്ഷ്യമായി കണക്കാക്കി കടുത്ത നടപടിയുണ്ടാകുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ കൃത്യമായി നിരീക്ഷിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജസ്റ്റിസുമാരായ രോഹിന്‍ടണ്‍ ഫാലി നരിമാന്‍, രവീന്ദ്ര ഭട്ട് എന്നിവരാണ് വിധി പുറപ്പെടുവിച്ചത്. രാഷ്ട്രീയത്തിലെ ക്രിമിനല്‍ വത്കരണത്തിനെതിരായി സുപ്രീംകോടതി തന്നെ 2018 ല്‍ പുറപ്പെടുവിച്ച വിധി പല രാഷ്ട്രീയ പാര്‍ട്ടികളും അനുസരിക്കുന്നില്ലെന്ന് കാട്ടി അഭിഭാഷകരായ അശ്വിനി കുമാര്‍ ഉപാധ്യായയും രാം ബാബു സിംഗ് ഠാക്കൂറും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.
2018 സെപ്റ്റംബര്‍ 25നാണ്, മത്സരരംഗത്തിറങ്ങുന്ന സ്ഥാനാര്‍ത്ഥികളെല്ലാം സ്വന്തം കേസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് വിധിച്ചത്. ഈ വിവരങ്ങള്‍ കൃത്യമായി നാമനിര്‍ദ്ദേശപത്രികയില്‍ ചേര്‍ക്കണമെന്നും സുപ്രീംകോടതി അന്ന് വിധിച്ചതാണ്. തനിക്കെതിരായി എന്തെല്ലാം ക്രിമിനല്‍ കേസുകളുണ്ടോ അവയെല്ലാം മൂന്ന് തവണ പ്രാദേശിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്നും ടിവി പോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണമെന്നും അന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

Post a Comment

0 Comments