ടാലന്റ് ലാബ് ഉദ്ഘാടനം ചെയ്തു


കരിന്തളം: പഠന രംഗത്തും പാഠ്യേതര രംഗത്തും സമാനതകളില്ലാത്ത കുതിച്ചുചാട്ടവുമായി പെരിയങ്ങാനം ഗവ.എല്‍.പി.സ്‌കൂള്‍.
ജില്ലയില്‍ തന്നെ ആദ്യമായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ടാലന്റ് ലാബ് പ്രവര്‍ത്തന സജ്ജമാക്കി ഉദ്ഘാടനം ചെയ്തു കൊണ്ടാണ് സ്‌കൂള്‍ ഈ നേട്ടം കൈവരിച്ചത്. വിവിധ പഠനോപകരണങ്ങള്‍, സംഗീത ഉപകരണങ്ങള്‍, മഹാന്‍മാരുടെ ഛായാചിത്രങ്ങള്‍, വായനാമുറി, കരകൗശല നിര്‍മാണത്തിന് വേണ്ട ഭൗതിക സാഹചര്യങ്ങള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പുഷ്പ കെ.വി. ഉദ്ഘാടനം നിര്‍വഹിച്ചു . പി.ടി.എ പ്രസിഡന്റ് കെ.വി ബാബു അധ്യക്ഷത വഹിച്ചു. ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ.വിധുബാലയെ അനുമോദിച്ചു. വാര്‍ഡ് അംഗം ലിസി വര്‍ക്കി, ചിറ്റാരിക്കാല്‍ ബി.പി.ഒ ബാബു കെ.പി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.ദിലീപ്കുമാര്‍, കെ.കുഞ്ഞിരാമന്‍, കെ.വേണു, ജീന.പി എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ പി രവി സ്വാഗതവും സജയന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments