പടന്നക്കാട്: പടന്നക്കാട് ആസ്പയര് സിറ്റി ക്ലബ്ബ് ഐങ്ങോത്തെ ഫുട്ബോള്‍ മൈതാനിയില്‍ ആദ്യ റൗണ്ടിലെ ആറാം ദിവസത്തെ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് എഫ്സി വാഴുന്നോറൊടിയെ കീഴ്പ്പെടുത്തി സുല്‍ഫെക്സ് മാട്രെസ്സ് വള്വക്കാട് രണ്ടാം റൗണ്ടിലേക്ക് കടന്നു.
ഗോള്കൂടാരത്തിന് മുന്നില്‍ സര്‍ക്കസ് അഭ്യാസിയെപോലെ പ്രകടനം കാഴ്ച വെച്ച എഫ്സി വള്‍വക്കാടിന്റെ ഗോള്‍കീപ്പര്‍ കര്‍ണാടക ജൂനിയര്‍ സ്റ്റേറ്റ് താരം സജ്ജാദിന്റെ കളി മികവിലാണ് എഫ്സി വള്വക്കാട് രണ്ടാം റൗണ്ടിലേക്ക് ബെര്‍ത്ത് ഉറപ്പിച്ചത്.
ഗോള്‍രഹിത സമനിലയില്‍ കലാശിച്ച ആദ്യ പകുതിക്ക് ശേഷം കളി തീരാന്‍ മിനുട്ടുകള്‍ ബാക്കിയിരിക്കെയാണ് എഫ്സി വള്വക്കാട് മുന്നേറ്റ നിരയിലെ താരമായ റിസ്വാന്റെ അതിമനോഹരമായ ലോങ്ങ് റേഞ്ച് ഷൂട്ടിലൂടെ തങ്ങളുടെ ഏക ഗോള്‍ കണ്ടെത്തിയത്.
ആക്രമണ ഫുട്ബോളിന്റെ വശ്യസൗന്ദര്യത്തില്‍ ഇരു ടീമോകളിലെയും കളിക്കാര്‍ മൈതാനത്ത് നിറഞ്ഞാടിയപ്പോള്‍ കഴുകനെ പോലെ ചിറക് വിരിച്ച ഗോളിമാരാണ് വലയത്തിലക്ക് പാഞ്ഞ് വന്ന പല പന്തുകളെയും നിഷ്പ്രഭമാക്കി കളഞ്ഞത്.
ഗോള്‍വലയത്തിന് മുന്നില്‍ പന്ത് വലയിലേക്ക് കടത്തി വിടാതെ വായുവില്‍ അഭ്യാസം തീര്‍ത്ത് വള്‍വക്കാടിനെ ക്ലീന്‍ ഷീറ്റായി രണ്ടാം റൗണ്ടിലേക്ക് കടത്തിയ മാംഗ്ലൂര്‍ യൂണിവേഴ്സിറ്റി, കര്‍ണാടക ജൂനിയര്‍ സ്റ്റേറ്റ് താരവും കൂടിയായ വള്‍വക്കാടിന്റെ ഗോള്‍കീപ്പര്‍ സജ്ജാദാണ് ഇന്നത്തെ കളിയിലെ കേമന്‍.
0 Comments