കൊറോണയെ തോല്‍പിച്ചത് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ


കാസര്‍കോട്: കേരളത്തിന് തന്നെ അഭിമാനമായ പ്രവര്‍ത്തനങ്ങളാണ് കോറോണയെ പ്രതിരോധിക്കാന്‍ കാസര്‍കോട് ആരോഗ്യവകുപ്പ് നടപ്പിലാക്കിയത്.
എല്ലാ ജില്ലയിലും മെഡിക്കല്‍ കോളേജുകളുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ കാസര്‍കോട് ജില്ലാശുപത്രിയിലെ കൃത്യമായ നിരീക്ഷണത്തിലും പ്രതിരോധ പ്രവര്‍ത്തനത്തിലൂടെയും കൊറോണയെ പ്രതിരോധിക്കാന്‍ ജില്ലയ്ക്ക് കഴിഞ്ഞു. കൊറോണ ജില്ലയില്‍ പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് മുമ്പ് തന്നെ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന് തുടക്കമിട്ടിരുന്നു.
ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ ജില്ലയിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു. ജില്ലാ തലത്തില്‍ ഡോക്ടര്‍ എ വി രാംദാസ്, ഡെപ്യൂട്ടി ഡിഎംഒ ഡോക്ടര്‍ മനോജ് എ.ടി, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ രാമന്‍ സ്വാതി വാമന്‍, ജില്ലാശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ,് ആര്‍. എം. ഒ റെജിത്ത് കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് ചികിത്സാ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതുകൂടാതെ ജില്ലാ കലക്ടര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 15 ടീമുകളും രൂപീകരിച്ചിരുന്നു. ഈ ടീമുകളുടെ പ്രവര്‍ത്തനങ്ങള്‍ ദിവസേന വിലയിരുത്തിയിരുന്നു.
ജില്ലാ തലത്തിലും ബ്ലോക്ക് തലങ്ങളിലും ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ച ജീവനക്കാരും കൊറോണ പ്രതിരോധിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു.

Post a Comment

0 Comments