സ്വര്‍ണ്ണവേട്ട അന്വേഷണം വിദേശത്തേക്കും


കാഞ്ഞങ്ങാട്: ബേക്കല്‍ കോട്ടക്ക് സമീപം വെച്ച് 6.21 കോടി രൂപ വിലമതിക്കുന്ന 15.5 കിലോ സ്വര്‍ണ്ണക്കട്ടികള്‍ പിടികൂടിയ കേസിന്റെ അന്വേഷണം വിദേശത്തേക്കും വ്യാപിപ്പിക്കും.
ഇതിനായി ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കസ്റ്റംസ് അന്വേഷണസംഘത്തെ വിപുലപ്പെടുത്തി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. ഈ സംഘം രണ്ട് ദിവസത്തിനകം മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്ക് പോകും. ഇതിനുശേഷം ദുബൈ, മുംബൈ എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍കിടസംഘമാണ് സ്വര്‍ണ്ണക്കടത്തിന് പിന്നിലെന്നാണ് സൂചന. കേരളം, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലേക്ക് തങ്കക്കട്ടികളും സ്വര്‍ണ്ണവും കടത്താനും തിരിച്ചുകൊണ്ടുവരുവാനും വിപുലമായ ശൃംഖലയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച രാത്രി പള്ളിക്കര ടോള്‍ബൂത്തിന് സമീപത്തുവെച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാറില്‍കടത്തുകയായിരുന്ന തങ്കക്കട്ടികള്‍ പിടിച്ചെടുത്തത്. മഹാരാഷ്ട്ര, സാംഗ്ലി കടപ്പാടി സ്വദേശികളായ കേതന്‍ സര്‍വ്വേശ് (29), ആകാശ് ലക്ഷ്മണന്‍ കദം (30) എന്നിവരാണ് പിടിയിലായത്. ഇവരിപ്പോള്‍ റിമാന്റിലാണ്. പിടിയിലായ രണ്ടുപേരും കാരിയര്‍മാര്‍മാത്രമാണ്. സംഘത്തിന്റെ തലവനെന്ന് സംശയിക്കുന്ന 'ബോസിനെ' പിടികൂടാന്‍ കസ്റ്റംസ് വ്യാപകമായി വലവിരിച്ചിട്ടുണ്ട്.

Post a Comment

0 Comments