ഡല്‍ഹി വെടിവയ്പ്പ്: ഒരാള്‍ പിടിയില്‍, മൂന്ന് പേര്‍ക്കെതിരെ കേസ്


ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവ് നരേഷ് യാദവിനും സംഘത്തിനുമെതിരെ ഇന്നലെ രാത്രി നടന്ന വെടിവയ്പ്പ് വ്യക്തിവൈരാഗ്യമെന്ന് പോലീസ്.
കൊല്ലപ്പെട്ട അശോക് മന്‍ എന്നയാളെയാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നരേഷ് യാദവായിരുന്നില്ല അക്രമികളുടെ ലക്ഷ്യമെന്നും അശോക് മന്‍ തന്നെയായിരുന്നുവെന്നും പറഞ്ഞത് ഡിസിപി ഇങ്കിത് പ്രതാപാണ്. രാഷ്ട്രീയ പകപോക്കലാണെന്ന വാദവും പോലീസ് തള്ളി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഒരാളെ അശോക് വെടിവച്ചിരുന്നു. ഇന്നലെ വെടിയുതിര്‍ത്ത പ്രതിയുടെ ബന്ധുവിനെയാണ് ആക്രമിച്ചത്. രണ്ടാഴ്ച മുമ്പ് പ്രതിയെ അശോക് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതിന്റെ പകപോക്കലാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ്, ഇന്നലെ രാത്രി എഎപി എംഎല്‍എ നരേഷ് യാദവിന് നേരെ വെടിയുതിര്‍ക്കുകയും പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തത്.
എംഎല്‍എക്ക് നേരെയാണ് വെടിവെപ്പുണ്ടായതെന്നാണ് എഎപി വൃത്തങ്ങള്‍ പറയുന്നത്. വിജയത്തിന് ശേഷം എഎപി എംഎല്‍എ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് വെടിവെപ്പുണ്ടായത്. നരേഷ് യാദവ് സഞ്ചരിച്ച തുറന്ന കാറിന് നേരെ അക്രമികള്‍ നാല് റൗണ്ട് വെടിയുതിര്‍ത്തു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കുടുംബാംഗത്തെയാണ് നഷ്ടപ്പെട്ടതെന്നും നരേഷ് യാദവ് പറഞ്ഞു. ദില്ലി പോലീസ് അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തലസ്ഥാന നഗരത്തിലെ ക്രമസമാധാനത്തെയും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നാണ് പോലീസ് പറഞ്ഞു. മെഹ്‌റൗലി എംഎല്‍എയാണ് നരേഷ് യാദവ്. വെടിവെപ്പില്‍ മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇയാള്‍ ചികിത്സയിലാണ്.

Post a Comment

0 Comments